മുംബൈ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ക്രിക്കറ്റ് ലോകത്തുണ്ടായ സാമ്പത്തിക നഷ്‌ടങ്ങൾ നികത്താനായി കൂടുതൽ മൽസരങ്ങൾ കളിക്കാൻ ബിസിസിഐ തീരുമാനിച്ചേക്കും. ഇതിനെ സാധൂകരിക്കുന്ന അടുത്ത വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂൾ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. ഇടവേളകളില്ലാത്ത മൽസര പരമ്പരകളാണ് അടുത്ത വർഷം ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.
അടുത്ത വർഷം ഇന്ത്യ 14 ടെസ്‌റ്റുകളും 16 ഏകദിനങ്ങളും 23 ടി-20കളും കളിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം ഐപിഎലും ഏഷ്യാ കപ്പും ടി-20 ലോകകപ്പും അടുത്ത വർഷം നടക്കും. ജനുവരി മുതൽ ഡിസംബർ വരെ എല്ലാ മാസവും മൽസരങ്ങൾ ഉണ്ടാവും.
ജനുവരിയിൽ ഇംഗ്‌ളണ്ടുമായാണ് ഇന്ത്യയുടെ അടുത്ത വർഷത്തെ ആദ്യ പരമ്പര. ഇന്ത്യയാണ് പരമ്പരക്ക് ആതിഥേയത്വം വഹിക്കുന്നത്. പിന്നീട് മാർച്ചോടെ ഐപിഎൽ ആരംഭിക്കും. ഐപിഎലിനു ശേഷം ശ്രീലങ്കൻ പര്യടനവും ശ്രീലങ്കയിൽ തന്നെ ഏഷ്യാ കപ്പും നടക്കും.
പിന്നീട് സിംബാബ്‌വെ, ഇംഗ്‌ളണ്ട് പര്യടനങ്ങൾ. ഒക്‌ടോബറിൽ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം. അതിനു പിന്നാലെ ഇന്ത്യയിൽ വെച്ച് നടക്കുന്ന ടി-20 ലോകകപ്പ്. ന്യൂസീലൻഡിനെതിരെ ഹോം സീരീസും ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനവും ഉണ്ടാവും. ഇത്രയുമാണ് അടുത്ത വർഷം നടത്താൻ ഉദ്ദേശിക്കുന്ന മൽസരങ്ങൾ. ഷെഡ്യൂൾ ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഇത്രയധികം മൽസരങ്ങൾ ഉള്ളതുകൊണ്ട് തന്നെ റൊട്ടേഷൻ പോളിസിയിലാവും ഇന്ത്യൻ ടീം അടുത്ത വർഷം ഇറങ്ങുകയെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിലൂടെ കൂടുതൽ താരങ്ങൾക്ക് അവസരം ലഭിക്കാനും സാധ്യതയുണ്ട്.
Read Also: ഫിഫ ക്‌ളബ് ലോകകപ്പ് ഫെബ്രുവരിയില്‍; വേദി ഖത്തർ തന്നെ