കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് തിരിച്ചടി. വഞ്ചനാക്കേസിൽ കുറ്റം ചുമത്തുന്നതിനെതിരെ നൽകിയ ഹരജി ഹൈക്കോടതി തള്ളി. ഇതോടെ ഈ കേസിൽ വിചാരണാ നടപടികൾ ആരംഭിക്കും. ജനപ്രതിനിധികൾക്ക് എതിരെയുള്ള കേസുകൾ പരിഗണിക്കുന്ന എറണാകുളത്തെ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.
2010ൽ മുംബൈ സ്വദേശി ദിനേശ് മേനോനിൽ നിന്ന് രണ്ടുകോടി രൂപ വാങ്ങിയ ശേഷം തിരിച്ചു കൊടുക്കാതെ വഞ്ചിച്ചെന്നാണ് കേസ്. കേസിൽ കുറ്റം ചുമത്തിയ വിചാരണ കോടതിയുടെ നടപടി വസ്‌തുതകൾ പരിഗണിക്കാതെയാണ് എന്നായിരുന്നു മാണി സി കാപ്പന്റെ വാദം. ഈ വാദത്തിൽ യാതൊരു കഴമ്പുമില്ല എന്നാണ് പബ്ളിക് പ്രോസിക്യൂട്ടറും ദിനേശ് മേനോനും നിലപാടെടുത്തത്.
രണ്ടുകോടി രൂപ കടം വാങ്ങിയ ശേഷം 25 ലക്ഷം മാത്രം മടക്കി നൽകി മാണി സി കാപ്പൻ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ദിനേശ് മേനോൻ പരാതി നൽകിയത്. ഈ കേസ് എറണാകുളം ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലും പിന്നീട് എംപി/ എംഎൽഎ പ്രത്യേക കോടതിയിലേക്ക് മാറ്റി. നഷ്‌ടപരിഹാരം സഹിതം 3.25 കോടി നൽകാമെന്ന് 2013ൽ കരാർ ഉണ്ടാക്കിയെങ്കിലും ഈടായി നൽകിയ ചെക്കുകൾ മടങ്ങിയെന്നും ഈടായി നൽകിയ വസ്‌തു ബാങ്കിൽ നേരത്തെ പണയം വെച്ചിരുന്നതായിരുന്നെന്നും ദിനേശ് മേനോൻ പരാതിയിൽ ചൂണ്ടിക്കാട്ടി.
Most Read| ഹത്രസ് അപകടം; മരണസംഖ്യ 116 ആയി- പ്രഭാഷകൻ ഭോലെ ബാബയ്‌ക്കെതിരെ കേസ്