കൽപ്പറ്റ: വയനാട്ടിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ച സുധന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. സുധന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ആദ്യ ഗഡുവായി അഞ്ചുലക്ഷം നൽകും. രേഖകകൾ ഹാജരാക്കിയ ശേഷം രണ്ടാം ഗഡുവും നൽകുമെന്ന് മന്ത്രി അറിയിച്ചു.
പഴയ വൈദ്യുതി കമ്പികൾ നീക്കം ചെയ്യുന്നതിനായുള്ള പ്രവർത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്‌തമാക്കി. പുൽപ്പള്ളി ചീയമ്പം 73 കോളനിയിലെ സുധൻ (32) ആണ് ഇന്നലെ ഷോക്കേറ്റ് മരിച്ചത്. നിർമാണ തൊഴിലാളിയാണ് സുധൻ. വീട്ടിൽ നിന്ന് വയൽ വഴി നടന്നുവരുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേരാണ് ഇന്നലെ മരിച്ചത്.
തിരുവല്ലയിൽ മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി എന്നയാളും ഇന്നലെ ഷോക്കേറ്റ് മരിച്ചിരുന്നു. പുല്ല് അരിയാൻ പോയപ്പോൾ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് റെജിക്ക് ഷോക്കേറ്റത്. രാവിലെ ആറുമണിക്ക് പോയ റെജിയെ ഏറെനേരം കഴിഞ്ഞും കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Most Read| ഗുജറാത്തിൽ അപൂർവ വൈറസ് ബാധ; കുട്ടികൾ ഉൾപ്പടെ എട്ടുമരണം