ധാക്ക : ബംഗ്ളാദേശിലെ രൂപ്ഗഞ്ചിലുള്ള ഭക്ഷ്യനിർമാണ ഫാക്‌ടറിയിൽ തീപിടുത്തം. അപകടത്തിൽ ഇതുവരെ 52 പേർ മരിച്ചു. കൂടാതെ 50 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. വ്യാഴാഴ്‌ച വൈകുന്നേരം 5 മണിയോടെയാണ് 8 നിലകളുള്ള ജ്യൂസ് ഫാക്‌ടറിക്ക് തീപിടിച്ചത്.
തീപിടുത്തത്തെ തുടർന്ന് ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ആദ്യം അഗ്‌നിബാധ ഉണ്ടായത്. തുടർന്ന് രാസവസ്‌തുക്കളുടെയും പ്ളാസ്‌റ്റിക് കുപ്പികളുടെയും സാന്നിധ്യത്തിൽ വേഗം മുകളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. തീ പടർന്നതോടെ 18ഓളം അഗ്‌നിശമന യൂണിറ്റുകളാണ് തീയണക്കാനായി എത്തിയത്.
അപകടത്തിൽ നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോട്ടുകൾ വ്യക്‌തമാക്കുന്നത്. ഇവരിൽ 44 പേർ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിന്റെ മുന്നിലെ ഗേറ്റും പുറത്തേക്കിറങ്ങാൻ ആകെയുള്ള എക്‌സിറ്റും അടഞ്ഞു കിടക്കുകയായിരുന്നെന്ന് രക്ഷപെട്ട ജീവനക്കാർ ആരോപിച്ചു. കൂടാതെ ആവശ്യമായ അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
Read also : കോവിഡ് ‘കാപ്പ’ വകഭേദം; ഉത്തർപ്രദേശിൽ രണ്ട് പേർക്ക് രോഗബാധ; ഒരു മരണം



































