എറണാകുളം: കൊച്ചി അമ്പലമുകൾ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽ നിന്നാണ് തീ പടർന്നെന്നാണ് റിപ്പോർട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേത്തുടർന്ന് അയ്യൻകുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്‌ഥലത്ത് നിന്ന് ഒഴിപ്പിച്ചു. അഗ്‌നിരക്ഷാസേനയും പോലീസും ആരോഗ്യപ്രവർത്തകരും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമായെന്നും ആളപായമില്ലെന്നുമാണ് അധികൃതർ പറയുന്നത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യൻകുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്ക് മാറ്റി.
നിലവിൽ അഞ്ച് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. റിഫൈനറിയിലെ വെയർ ഹൗസിന് അകത്ത് ഷോർട്ട് സർക്യൂട്ട് മൂലം തീപിടിത്തം ഉണ്ടായെന്നാണ് പ്രാഥമിക വിവരം. വാതകചോർച്ച ഇല്ലെന്നാണ് അധികൃതർ പറയുന്നത്. അതിനിടെ, പ്രദേശവാസികൾ കൊച്ചിൻ റിഫൈനറിയുടെ ഗേറ്റ് ഉപരോധിക്കുകയാണ്.
വൈകീട്ട് 4.30ഓടെ ഈ ഭാഗത്ത് നിന്നും ഗുണ്ടകൾ പൊട്ടുന്നത് പോലെയുള്ള ശബ്‌ദം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. ശബ്‌ദത്തിന് പിന്നാലെ പ്രദേശത്ത് പുക പടരുകയായിരുന്നു. കമ്പനിയിലെ അഗ്‌നിരക്ഷാ സേനയെ കൂടാതെ തൃപ്പൂണിത്തുറയിൽ നിന്നും മറ്റും അഗ്‌നിരക്ഷാ സംഘങ്ങളും സംഭവ സ്‌ഥലത്തെത്തി നടത്തിയ രക്ഷാപ്രവർത്തനത്തെ തുടർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ ഡെപ്യൂട്ടി കലക്‌ടറെ നാട്ടുകാർ ആദ്യം തടഞ്ഞിരുന്നു.
Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!