കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ചുപേരിൽ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. വെസ്‌റ്റ്‌ഹിൽ സ്വദേശി ഗോപാലൻ (65), വടകര സ്വദേശി സുരേന്ദ്രൻ (59), മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ (70) എന്നിവരുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്.
കാൻസർ, ലിവർ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങൾക്ക് ആശുപത്രിയിൽ ഗുരുതരാവസ്‌ഥയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണിവർ. ഇവരുടെ ശ്വാസകോശത്തിൽ പുകയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയനാട് മേപ്പാടി സ്വദേശിനി നസീറ, തൂങ്ങിമരിക്കാൻ ശ്രമിച്ചതിന് പിന്നാലെ ആശുപത്രിയിലെത്തിയ ബംഗാളുകാരിയായ ഗംഗ എന്നിവരുടെ കൂടെ റിപ്പോർട് പുറത്തുവരാനുണ്ട്. വെന്റിലേറ്റർ നീക്കം ചെയ്‌തതും പുക ശ്വസിച്ചതുമാണ് മരണകാരണമെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു.
ഇതേ തുടർന്നാണ് പോസ്‌റ്റുമോർട്ടം നടത്തിയത്. ഇതിൽ രണ്ടു മരണങ്ങളിൽ അസ്വാഭാവിക മരണത്തിൽ പോലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിനോട് ചേർന്നുള്ള യുപിഎസ് റൂമിൽ നിന്നും പുക ഉയർന്നത്. പുക കണ്ടയുടൻ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും രോഗികളെ ഒഴിപ്പിക്കുകയായിരുന്നു.
എംആർഐ മെഷീന്റെ യുപിഎസ് മുറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ ബാറ്ററിയുടെ തകരാർ മൂലമോ ആയിരിക്കാം പൊട്ടിത്തെറി ഉണ്ടായതെന്നാണ് പിഡബ്‌ളൂഡി ഇലക്‌ട്രിക്കൽ വിഭാഗം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ ഡോക്‌ടർമാരുടെ വിദഗ്‌ധ സമിതിയെ നിയോഗിച്ച് വിശദമായ പഠനം നടത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read| കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ; പാക്കിസ്‌ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക്