കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം യുപിഎസിന് ബാറ്ററി തകരാറെന്ന് പ്രാഥമിക റിപ്പോർട്. ഷോട്ടേജ് കാരണം ബാറ്ററികൾ വീർത്ത് പൊങ്ങി. ഇത് വേഗം പൊട്ടിത്തെറിക്കുകയും തീപിടിക്കുകയുമായിരുന്നു. പിഡബ്ളൂഡി ഇലക്ട്രിക്കൽ വിഭാഗമാണ് പ്രാഥമിക അന്വേഷണ റിപ്പോർട് സമർപ്പിച്ചത്.
34 ബാറ്ററികൾ നശിച്ചുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. 2026 ഒക്ടോബർ വരെ വാറന്റി ഉള്ളതാണ് എംആർഐ മെഷീനും യുപിഎസും. ഫിലിപ്സ് നിയോഗിച്ച ഏജൻസി തന്നെയാണ് യുപിഎസിന്റേയും അറ്റകുറ്റപ്പണികൾ നടത്തുന്നത്.
ആറുമാസത്തിലൊരിക്കൽ ഇവ പരിശോധിച്ച് കുഴപ്പമില്ലെന്ന് ഉറപ്പ് വരുത്തി അവർ ഫിലിപ്സിന് റിപ്പോർട് നൽകും. മെഡിക്കൽ കോളേജിനും കോപ്പി നൽകും. ഈ റിപ്പോർട് കൃത്യമായി മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എൻജിനിയർ സൂക്ഷിക്കുന്നുണ്ട്. അതേസമയം, എമർജൻസി വിഭാഗത്തിൽ രോഗീപരിചരണവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് മുതൽ സമഗ്ര അന്വേഷണം ആരംഭിക്കും.
യുപിഎസ് റൂമിലേക്കുള്ള പ്രവേശനം അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. അതേസമയം, തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ചുപേരിൽ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വെസ്റ്റ്ഹിൽ സ്വദേശി ഗോപാലൻ (65), വടകര സ്വദേശി സുരേന്ദ്രൻ (59), മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ (70) എന്നിവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്.
കാൻസർ, ലിവർ സിറോസിസ്, ന്യുമോണിയ എന്നീ രോഗങ്ങൾക്ക് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ടവരാണിവർ. ഇവരുടെ ശ്വാസകോശത്തിൽ പുകയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രണ്ടുപേരുടെ പോസ്റ്റുമോർട്ടം റിപ്പോർട് കൂടി പുറത്തുവരാനുണ്ട്.
Most Read| കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ; പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക്