കണ്ണൂർ: തെക്കുപടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്‌ചയോടെ സംസ്‌ഥാനത്ത് എത്തുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇതിന് പിന്നാലെ ജില്ലയിൽ ദുരന്തങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. പ്രളയ- ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങൾ ഇരിട്ടി അഗ്‌നിരക്ഷാ സേന സന്ദർശിച്ചു. ഇരിട്ടി സ്‌റ്റേഷൻ ഓഫിസർ സിപി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.
ഇരിട്ടി മേഖലയിലെ പഞ്ചായത്തുകളിൽ നേരത്തെ കെടുതികൾ ഉണ്ടായ സ്‌ഥലങ്ങൾ, കരിങ്കൽ – ചെങ്കൽ ക്വാറികൾ, വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങൾ, ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ എന്നിവിടങ്ങളിലെത്തി രക്ഷാപ്രവർത്തന സാധ്യതകളും അപകടം ലഘൂകരിക്കാനുള്ള പഠനങ്ങളും നടത്തി.
കച്ചേരിക്കടവിലെ ബാരാപോൾ ജലവൈദ്യുതി പദ്ധതി പ്രദേശം, അതിർത്തിയിലെ മാക്കൂട്ടം വനമേഖല എന്നിവിടങ്ങൾ മഴ കനത്തതിനെത്തുടർന്ന് അഗ്നിരക്ഷാ നിലയത്തിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായാൽ അധികൃതരെ വിവരം അറിയിക്കുന്നതിനുള്ള നമ്പറുകൾ കൈമാറി. പ്രദേശവാസികൾക്ക് മുൻകരുതലായി സ്വീകരിക്കേണ്ട കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്‌തു.
Also Read: തിരഞ്ഞെടുപ്പ് സമയത്ത് കെ സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പണം കടത്തിയെന്ന് പരാതി