കണ്ണൂർ: പാനൂർ തൃപ്രങ്ങോട്ടൂരിൽ വിവാഹാഘോഷത്തിനിടെ പൊട്ടിച്ച ഉഗ്രശേഷിയുള്ള പടക്കത്തിന്റെ ശബ്‌ദം കേട്ട് 18 ദിവസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്‌ഥയിൽ. കണ്ണൂർ കുന്നോത്തുപറമ്പിലെ പ്രവാസി പയിഞ്ഞാലീന്റെവിട കെവി അഷ്റഫിന്റെയും റിഹ്വാനയുടെയും കുഞ്ഞാണ് കണ്ണൂർ ആസ്‌റ്റർ മിംസിലെ ഐസിയുവിൽ ചികിൽസയിൽ കഴിയുന്നത്.
പ്രസവത്തിന് ശേഷം തൃപ്രങ്ങോട്ടൂരിലെ സ്വന്തം വീട്ടിലായിരുന്നു റിഹ്വാനയും കുഞ്ഞും ഉണ്ടായിരുന്നത്. ഇവരുടെ അടുത്ത വീട്ടിലായിരുന്നു വിവാഹാഘോഷം. കഴിഞ്ഞ ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും നടന്ന പരിപാടിക്കിടെ ആയിരുന്നു ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചത്. ശബ്‌ദം കേട്ട് കുഞ്ഞ് ഞെട്ടി ഉണരുകയും 15 മിനിറ്റോളം അബോധാവസ്‌ഥയിൽ ആവുകയും ചെയ്യുകയായിരുന്നു.
ഇതോടെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു സംഘം ആളുകളാണ് വരനെ ആനയിച്ച് കൊണ്ടുപോകുമ്പോൾ പടക്കം പൊട്ടിച്ചത്. ഇത്തരത്തിൽ വിവാഹാഘോഷങ്ങളിൽ റോഡിൽ പടക്കം പൊട്ടിക്കലും ശബ്‌ദകോലാഹലങ്ങൾ ഉണ്ടാക്കുന്നതും മേഖലയിൽ പതിവാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സംഭവത്തിൽ കൊളവല്ലൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Most Read| മുല്ലപ്പെരിയാർ സുരക്ഷ; പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ