ന്യൂഡെൽഹി: കേരളത്തിൽ നിന്നുള്ള എംപിമാർ സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് ഗോപി ഉൾപ്പടെ 18 എംപിമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. വിദേശ സന്ദർശനം നടത്തുന്നതിനാൽ തിരുവനന്തപുരം എംപി ശശി തരൂർ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ ചെയ്യുക. കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പേരും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
എറണാകുളം എംപി ഹൈബി ഈഡൻ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കൈയിൽ പിടിച്ചാണ് കോൺഗ്രസ് എംപിമാരെത്തിയത്. വയനാട് മണ്ഡലത്തിൽ നിന്നുള്ള രാഹുൽ ഗന്ധിയുടെ രാജി സ്വീകരിച്ചതായി പ്രോ ടേം സ്പീക്കർ അറിയിച്ചു. രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രതിപക്ഷ ബഹളത്തോടെയാണ് 18ആം ലോക്സഭയുടെ ആദ്യ സമ്മേളനം തുടങ്ങിയത്. പ്രോ ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹ്താബ് 11ഓടെ സഭയിലെത്തി നടപടികൾ ആരംഭിച്ചു. തുടർന്ന് എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു. പ്രോ ടേം സ്പീക്കറെ സഹായിക്കുന്നവരുടെ പാനൽ വായിച്ചപ്പോഴേക്കും പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചു.
രാവിലെ പ്രോ ടേം സ്പീക്കർ വിളിച്ചിട്ടും കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ളവർ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. പ്രതിപക്ഷ എംപിമാരെ നോക്കി പ്രധാനമന്ത്രി കൈകൂപ്പുകയും പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ സത്യപ്രതിജ്ഞക്കിടെ നീറ്റ്, നെറ്റ് എന്ന് വിളിച്ചു പ്രതിപക്ഷം ബഹളം വെച്ചു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ