റിയാദ്: യുഎഇയുടെ അഞ്ചുവർഷ മൾട്ടിപ്പിൾ എൻട്രി സന്ദർശക വിസ സൗദിയിൽ നിന്ന് അപേക്ഷിച്ച വിദേശികൾക്കും ലഭിച്ചുതുടങ്ങി. പലതവണ യുഎഇ സന്ദർശനത്തിന് അനുമതി നൽകുന്ന അഞ്ചുവർഷം കാലാവധിയുള്ള സന്ദർശക വിസയാണിത്.
അപേക്ഷകർക്ക് ആറ് മാസത്തിലധികം കാലാവധിയുള്ള പാസ്‌പോർട്ടും യുഎഇ സർക്കാർ അംഗീകരിച്ച ഇൻഷുറൻസും നിർബന്ധമാണ്. ഇവയോടൊപ്പം ആറ് മാസത്തെ ബാങ്ക് ഇടപാട് രേഖയും ഫോട്ടോയുമാണ് അപേക്ഷക്കൊപ്പം സമർപ്പിക്കേണ്ടത്.
4000 ഡോളറോ അതിന് തുല്യമായ വിദേശ കറൻസിയോ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം. അപേക്ഷ നൽകിയതിൽ പിഴവില്ലെങ്കിൽ വിസ ഫീസ് അടക്കാനുള്ള പേജ് തുറക്കും. വിസ ഫീസും ഇലക്‌ട്രോണിക് സേവന ഫീസും ഉൾപ്പടെ 660 യുഎഇ ദിർഹമാണ് അപേക്ഷ ഫീസ്.
അപേക്ഷയിൽ പിഴവ് കണ്ടെത്തിയാൽ തിരുത്താൻ ആവശ്യപ്പെട്ട് രജിസ്‌റ്റർ ചെയ്‌ത ഐഡിയിൽ സന്ദേശം ലഭിക്കും. പിഴവുകൾ തിരുത്തി വീണ്ടും അപേക്ഷ സമർപ്പിക്കാം. സൗദിയിലുള്ള വിദേശികൾക്ക് താമസ അനുമതി രേഖയായ ഇഖാമയിൽ രേഖപ്പെടുത്തിയ പ്രൊഫഷൻ ഉയർന്നതാണെങ്കിൽ നേരത്തെ ഓൺ അറൈവൽ വിസ ലഭിച്ചിരുന്നു.
എന്നാൽ, ഈ സേവനം അടുത്തിടെ യുഎഇ റദ്ദാക്കി. ഇതോടെ യുഎഇയിലേക്ക് പ്രവേശിക്കാൻ മുൻകൂട്ടി സന്ദർശക വിസ എടുക്കുകയോ പാസ്‌പോർട്ടിൽ അമേരിക്കൻ വിസ സ്‌റ്റാമ്പ് ചെയ്‌തിരിക്കുകയോ വേണം. അഞ്ചുവർഷത്തെ പുതിയ വിസ നേടുന്നതോടെ ഏത് സമയത്തും യുഎഇയിലെ എമിറേറ്റുകളിൽ പ്രവേശിക്കാനും സ്‌പോൺസറില്ലാതെ സ്വന്തം ഉത്തരവാദിത്തത്തിൽ താമസിക്കാനും കഴിയും.
ഓരോ സന്ദർശനത്തിലും 90 ദിവസം വരെ രാജ്യത്ത് കഴിയാം. ആവശ്യമെങ്കിൽ ഇത് 90 ദിവസത്തേക്ക് കൂടി ദീർഘിപ്പിക്കാനും അനുമതിയുണ്ട്.
Also Read: മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കി; തീരുമാനം വിവാദങ്ങൾക്ക് ഒടുവിൽ






































