കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച അരിയും പഴകിയ ഭക്ഷ്യവസ്‌തുക്കളും ഉൾപ്പെട്ട സംഭവത്തിൽ വിജിലൻസ് അന്വേഷണം ഉത്തരവിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മേപ്പാടി പഞ്ചായത്തിലെ ദുരന്ത ബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്‌തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ അടിസ്‌ഥാനത്തിലാണ് അന്വേഷണം.
പഞ്ചായത്ത് വിതരണം ചെയ്‌തത് പഴയ സ്‌റ്റോക്ക് ആണോ, ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
താൽക്കാലിക പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ 19ആം വാർഡ് കുന്നമ്പറ്റയിൽ വാടകയ്‌ക്ക് താമസിക്കുന്ന മുണ്ടക്കൈ- ചൂരൽമല സ്വദേശികളായ മൂന്ന് കുടുംബങ്ങൾക്ക് ബുധനാഴ്‌ച ഉദ്യോഗസ്‌ഥർ വിതരണം ചെയ്‌ത കിറ്റിലാണ് ഉപയോഗശൂന്യമായ ഭക്ഷ്യവസ്‌തുക്കൾ ലഭിച്ചത്.
പുഴുവരിക്കുന്ന അരിയും പ്രാണികൾ നിറഞ്ഞ ആട്ടയും കട്ട പിടിച്ച റവയുമാണ് കിറ്റിൽ ഉണ്ടായിരുന്നത്. ഉപയോഗ്യമല്ലാത്ത വസ്‌ത്രങ്ങളും ഉണ്ടായിരുന്നു. സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി ഉടൻ റിപ്പോർട് നൽകാൻ സംസ്‌ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷൻ ചെയർമാൻ ഡോ. ജിനു സഖറിയ ഉമ്മൻ എഡിഎമ്മിന് നിർദ്ദേശം നൽകിയിരുന്നു.
Most Read| അലിഗഡ് സർവകലാശാല; ന്യൂനപക്ഷ സ്‌ഥാപനമല്ലെന്ന വിധി സുപ്രീം കോടതി റദ്ദാക്കി