മലപ്പുറം : ജില്ലയിൽ മായം കലർന്ന മൽസ്യങ്ങളുടെ വിൽപ്പന രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മലപ്പുറം പൊന്നാനി കൊല്ലൻപിടിയിലെ ചില്ലറ വിൽപന കേന്ദ്രത്തിൽ നിന്ന് പിടികൂടിയത് മായം ചേർത്ത 300 കിലോഗ്രാം മൽസ്യമാണ്. ഇവിടെ ഭക്ഷ്യ സുരക്ഷാ വകുപ്പും, നഗരസഭാ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
കൊല്ലൻപിടിയിലെ 3 സ്റ്റാളുകളിൽ നിന്ന് മാത്രമാണ് ഫോർമലിൻ കലർത്തിയ 300 കിലോ മൽസ്യവും പിടിച്ചെടുത്തത്. സമീപ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും തീരദേശത്തേക്ക് മൽസ്യമെത്തുന്നുണ്ട്. ഇവ പൊന്നാനി ഹാർബറിൽ നിന്നു കൊണ്ടുവരുന്ന പുതിയ മൽസ്യത്തിനൊപ്പം ഇടകലർത്തിയാണ് വിൽപന നടത്തുന്നത്.
മത്തി, കണവ, ഏട്ട, ആവോലി, തളയാൻ, ഒമാൻ മത്തി തുടങ്ങിയ മൽസ്യങ്ങളാണ് മായം ചേർത്ത് വിൽപന നടത്തിയത്. പിടിച്ചെടുത്ത മുഴുവൻ മൽസ്യവും നശിപ്പിച്ചു. കൂടാതെ പൊന്നാനി ഹാർബറിൽ നിന്നുള്ള മൽസ്യമാണെന്ന വ്യാജേന മായം കലർത്തിയ മൽസ്യം ഇവിടെ വ്യാപകമായി വിൽപ്പന നടത്തുന്നുണ്ടെന്ന് മൽസ്യ തൊഴിലാളികളും പരാതിപ്പെട്ടിരുന്നു.
Read also : കോവിഡ് ചട്ടലംഘനം; പരിശോധനക്ക് ജില്ലയിൽ 100 സെക്ടറൽ മജിസ്ട്രേട്ടുമാർ




































