ബെംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ (68) ബെംഗളൂരുവിലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ബെംഗളൂരു എച്ച്‌എസ്ആർ ലേഔട്ടിലെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. രക്‌തത്തിൽ കുളിച്ചുകിടന്ന ഓം പ്രകാശിന്റെ മൃതദേഹം പോലീസാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇദ്ദേഹത്തിന്റെ ഭാര്യയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ സംഭവ സ്‌ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അസാധാരണ മരണത്തിനാണ് പോലീസ് നിലവിൽ കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
അതേസമയം, കൊലപാതക കാരണം വ്യക്‌തമല്ല. സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്‌താൽ മാത്രമേ കൊലപാതക കാരണവും, ആർക്കൊക്കെ പങ്കുണ്ട് എന്ന കാര്യത്തിലും വ്യക്‌തമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ.
ബിഹാർ സ്വദേശിയായ ഓം പ്രകാശ് 2015 മുതൽ 17 വരെയാണ് കർണാടക പോലീസ് മേധാവിയായി സേവനമനുഷ്‌ഠിച്ചത്. 1981 കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്‌ഥനായ ഓം പ്രകാശ് കർണാടക ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിന്റെ ചുമതലയും വഹിച്ചിരുന്നു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ