തിരുവനന്തപുരം: സിപിഎം ബന്ധം ഉപേക്ഷിച്ച്, മുൻ എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നു. കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ് ലോക്‌ഭവന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരപ്പന്തലിലെത്തിയ ഐഷാ പോറ്റിയെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് അംഗത്വം സ്വീകരിച്ചു.
കൊട്ടാരക്കരയിൽ നിന്ന് മൂന്നുതവണ എംഎൽഎയായ ഐഷാ പോറ്റി മൂന്നുപതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് കോൺഗ്രസിലേക്ക് എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ യുഡിഎഫ് സ്‌ഥാനാർഥിയാകുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവുമായി ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യം ധാരണയായത്.
കഴിഞ്ഞതവണ ഐഷാ പോറ്റിക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു. ഇതിന്റെ നീരസമാകാം പാർട്ടി മാറ്റമെന്നാണ് വിലയിരുത്തൽ. അതേസമയം, കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിൽ വളരെ മ്‌ളേച്‌ഛമായ സോഷ്യൽ മീഡിയ ആക്രമണം പ്രതീക്ഷിക്കുന്നതായി ഐഷാ പോറ്റി പ്രതികരിച്ചു.
പ്രിയപ്പെട്ട സഖാക്കൾക്ക് വിഷമമുണ്ടാക്കുന്ന തീരുമാനമാണിതെന്ന് അവർ കോൺഗ്രസ് സമരവേദിയിൽ പറഞ്ഞു. ഡിസിഷൻ മേക്കേഴ്‌സ് ആയ ചിലർ മാത്രമായിരുന്നു പ്രശ്‌നം. ആരെയും കുറ്റം പറയാൻ ഇഷ്‌ടമില്ല. ഏത് വലിയ മന്ത്രിയായാലും മനുഷ്യരോട് ഇടപെടാൻ പ്രശ്‌നം എന്താണ്? വർഗ വഞ്ചക എന്ന് വിളിച്ചേക്കാം. അപ്പോഴും മനുഷ്യ പക്ഷത്തായിരിക്കുമെന്നും ഐഷാ പോറ്റി പറഞ്ഞു.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!







































