കണ്ണൂർ: കേരളത്തിലെ പ്രതിപക്ഷം പാവമാണ്, അല്ലെങ്കിൽ ഈ സർക്കാരിനെ എടുത്ത് പുറത്ത് കളഞ്ഞേനെയെന്ന് സുരേഷ് ഗോപി എംപി. ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്‌ഥാനത്തും ഉണ്ടായിട്ടില്ലെന്നും സുരേഷ് ഗോപി വിമർശിച്ചു. തളാപ്പിൽ കണ്ണൂർ കോർപറേഷനിലെ എൻഡിഎ സ്‌ഥാനാർഥികളുടെ സംഗമം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തട്ടിപ്പും വെട്ടിപ്പും കൊള്ളയുമാണ് സർക്കാരിന്റെ മുഖമുദ്ര. ഇത്തരമൊരു സർക്കാരിനെതിരെ പ്രതികരിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പ്. കേരളത്തിലെ പ്രതിപക്ഷം പാവമായതുകൊണ്ടാണ് സംസ്‌ഥാന സർക്കാർ ഭരണം തുടരുന്നത്. അല്ലെങ്കിൽ ആദ്യ പ്രളയത്തിന് ശേഷം തന്നെ സർക്കാരിനെയെടുത്ത് പുറത്ത് കളഞ്ഞേനെ’- എംപി പറഞ്ഞു.
Also Read: സിഎം രവീന്ദ്രന്റെ ഡിസ്ചാര്‍ജ് ഇന്ന്; ഒരാഴ്‌ച വിശ്രമത്തിനും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം
വിശാസികളെ വേദനിപ്പിച്ച സർക്കാരാണിത്. അത്തരത്തിൽ മൂന്നാം മണ്ഡലകാലമാണിത്. എല്ലാത്തിനും ഒരു തീർത്തെഴുതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പത്ത് ബിജെപി എംഎൽഎമാർ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന് ഈ അവസരത്തിൽ ചിന്തിച്ചു പോവുകയാണ്. വരും കാലത്ത് മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്‌ദുള്ള കുട്ടി, സംസ്‌ഥാന സെക്രട്ടറിമാരായ കെ രഞ്‌ജിത്, എസ് സുരേഷ്, ജില്ലാ പ്രസിഡണ്ട് എൻ.ഹരിദാസ്, ബിജു ഏളക്കുഴി എന്നിവർ പങ്കെടുത്തു.