ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകരെ വഞ്ചിച്ച് വ്യാപാരികൾ തട്ടിയെടുത്തത് അഞ്ച് കോടികളുടെ കാർഷിക വിളകൾ. സംസ്‌ഥാനത്തെ 4 ജില്ലകളിൽ നിന്നുള്ള 150തോളം കർഷകരുടെ 2,600 ക്വിന്റലോളം കാർഷിക വിളകളാണ് വണ്ടിച്ചെക്കുകൾ നൽകി വ്യാപാരികൾ തട്ടിയെടുത്തത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെയും കൃഷിമന്ത്രി കമൽ പട്ടേലിന്റെയും ജില്ലകളിൽ നിന്നുള്ളവരാണ് പറ്റിക്കപ്പെട്ട കർഷകരിൽ ഏറെയുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മണ്ഡികൾക്ക് പുറത്തുള്ള വ്യാപാരികൾക്ക് കാർഷികവിളകൾ വിറ്റ കർഷകരാണ് വഞ്ചിക്കപ്പെട്ടത്. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ കാർഷിക നിയമങ്ങളുടെ ചുവടുപിടിച്ച് മണ്ഡികൾക്ക് പുറത്തു വിൽപ്പന നടത്തുന്നതിനുള്ള നിയന്ത്രണത്തിൽ സംസ്‌ഥാന സർക്കാർ അയവ് വരുത്തിയതോടെയാണ് ഇത്തരമായൊരു കച്ചവടത്തിന് വഴി ഒരുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
കാലാവധി കഴിഞ്ഞ ലൈസൻസുകൾ നൽകിയാണ് വ്യാപാരികൾ കർഷകരെ വഞ്ചിച്ചത്. വിളകളുടെ വിലയായി ലഭിച്ച ചെക്കുകൾ ബാങ്കുകൾ മടക്കിയതോടെയാണ് ചതി പറ്റിയ കാര്യം കർഷകർ മനസിലാക്കിയത്. തുടർന്ന് മണ്ഡികളിൽ ബന്ധപ്പെട്ടപ്പോൾ ഈ വ്യാപാരികളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് മനസിലായി. വ്യാജ വിലാസമാണ് വ്യാപാരികൾ നൽകിയിരുന്നത്. ഇവരെ തിരിച്ചറിയാൻ പോലും സാധിക്കാത്ത അവസ്‌ഥയിലാണ് കർഷകർ ഇപ്പോൾ ഉള്ളത്.
സംസ്‌ഥാനത്ത് ആകെ 250 കർഷകർ ഇതുവരെ തട്ടിപ്പിന് ഇരയായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടെ കൂടുതൽ പേർ പരാതിയുമായി എത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസം ദേവാസിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് മുന്നിൽ സമാന പരാതിയുമായി 22 കർഷകർ പ്രതിഷേധിച്ചിരുന്നു. സെഹോർ, ഹാർദ, ഹൊസങ്കാബാദ് ജില്ലകളിൽ നിന്നും മാത്രമായി 150 കർഷകർ തട്ടിപ്പിനിരയായതായാണ് കണക്കുകൾ.
വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും പറ്റിക്കപ്പെട്ടവർക്ക് പണം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ ദിവസം കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകരും കേന്ദ്രവും തമ്മിൽ നടത്തിയ ചർച്ചയിൽ മധ്യപ്രദേശിലെ കർഷകർ തട്ടിപ്പിനിരയായ സംഭവവും ചൂണ്ടിക്കാട്ടിയിരുന്നു.
Read also: കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ സംരക്ഷണത്തിന്; പ്രമേയത്തെ എതിര്‍ത്ത് രാജഗോപാല്‍