കോഴിക്കോട് : മന്ത്രിവാദിയെന്ന വ്യാജേന സ്‌ത്രീകളുമായി സൗഹൃദം സ്‌ഥാപിച്ച് അവരിൽ നിന്നും പണവും സ്വർണ്ണവും തട്ടുന്നയാൾ പിടിയിലായി. മലപ്പുറം സ്വദേശിയായ ശിഹാബുദ്ധീനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ സ്‌ത്രീകളോട് സ്വയം മന്ത്രവാദിയെന്ന് പരിചയപ്പെടുത്തിയ ശേഷം സൗഹൃദത്തിലാകും. തുടർന്ന് അവരെ തട്ടിപ്പിന് ഇരയാക്കുകയാണ് പതിവ്.
നിലവിൽ ഇയാളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത് മന്ത്രവാദ ചികിൽസ ചെയ്യാനെന്ന പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ്. മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള വീട്ടിൽ മാതാവിനോട് സൗഹൃദം പുലർത്തിയ പ്രതി അവരുടെ മകളെ മന്ത്രവാദ ചികിൽസ നടത്താനെന്ന പേരിൽ പീഡിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇപ്പോൾ അറസ്‌റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
മടവൂരിൽ നിന്നുമാണ് പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഈ സമയം ഇയാളുടെ കൈവശം 11 സിം കാർഡുകൾ ഉണ്ടായിരുന്നു. കൂടാതെ കോഴിക്കോട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലായി ഇയാൾക്കെതിരെ 40 കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്‌തമാക്കി. നോർത്ത് എസി കെ അഷറഫിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് ശിഹാബുദ്ദീനെ പിടികൂടിയത്. മെഡിക്കൽ കോളജ് എസ്ഐ ടിവി ധനജ്‌ഞയൻ, ജൂനിയർ എസ്ഐ ടിഎം വിപിൻ, പികെ സൈനുദ്ദീൻ, എഎസ്ഐമാരായ ഒ ഉണ്ണിനാരായണൻ, കെവി രാജേന്ദ്രകുമാർ, വി മനോജ് കുമാർ, സിപിഒ പി ജംഷീന, പി സനിത്ത്, സി കൃജേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Read also : സംസ്‌ഥാനത്തെ മികച്ച ആശുപത്രികള്‍ക്ക് നല്‍കുന്ന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു