പാരിസ്: ഫ്രാൻസിനെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലുകോനു രാജിവെച്ചു. പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് 26ആം ദിവസമാണ് ലുകോനുവിന്റെ രാജിയെന്നത് ശ്രദ്ധേയമാണ്.
രണ്ടുവർഷത്തിനിടെ ഫ്രാൻസിൽ അധികാരമേറ്റ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു സെബാസ്റ്റ്യൻ ലുകോനു. സർക്കാരിന്റെ ചിലവ് ചുരുക്കൽ നടപടിക്കെതിരെ ഫ്രാൻസിൽ ഉടനീളം സമരം തുടരുന്നതിനിടെ ലുകോനു രാജിവെച്ചത് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന് വൻ തിരിച്ചടിയായി. പ്രസിഡണ്ട് പദവിയിൽ മക്രോണിന് ഇനി എത്രകാലം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
മാക്രോണിന്റെ കാലത്ത് രണ്ടു വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാർ വന്നിട്ടും ആർക്കും അധികകാലം തുടരാനായില്ല. ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന 2024ലെ തിരഞ്ഞെടുപ്പിന് ശേഷം ഫ്രാൻസ് രാഷ്ട്രീയമായി കൂടുതൽ അസ്ഥിരമാവുന്നതിന്റെ ലക്ഷണം കൂടിയാണ് ലുകോനുവിന്റെ രാജിയിലൂടെ കാണുന്നത്.
ഞായറാഴ്ച പ്രഖ്യാപിച്ചിരുന്ന മന്ത്രിസഭയിൽ മാക്രോണിന്റെ പാർട്ടിയിൽ നിന്ന് പത്ത് മന്ത്രിമാരുണ്ടായിരുന്നു. 2017ൽ അധികാരത്തിലെത്തിയപ്പോൾ മാക്രോണിന്റെ ആദ്യ സർക്കാരിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലായിരുന്നു ഇത്. 15 മന്ത്രിമാരുള്ള മന്ത്രിസഭയിൽ ഫ്രഞ്ച് പാർലമെന്റിലെ ഇടതുപക്ഷ ബ്ളോക്കിൽ നിന്നോ തീവ്ര വലതുപക്ഷ പാർട്ടിയിൽ നിന്നോ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല.
പ്രധാനമന്ത്രിയുടെ രാജിയോടെ ഫ്രാൻസിലെ ഭരണം പുതിയ പ്രതിസന്ധിയിലേക്കാണ് നീങ്ങിയിരിക്കുന്നത്. ഫ്രാൻസിൽ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി പദം വഹിച്ച വ്യക്തി, സർക്കാരില്ലാതെ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായ വ്യക്തി, പൊതു നയപ്രഖ്യാപനം നടത്താത്ത ഏക പ്രധാനമന്ത്രി എന്നീ റെക്കോർഡുകളോടെയാണ് സെബാസ്റ്റ്യൻ ലുകോനു രാജിവെച്ചത്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്