ഷാര്‍ജ : ആറ് മാസത്തെ അടച്ചിടലിന് ശേഷം ഷാര്‍ജയിലെ സ്കൂളുകള്‍ ഈ മാസം 27 ന് തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റി (എസ്പിഇഎ) അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഷാര്‍ജയില്‍ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ നടപടികള്‍ എല്ലാം പൂര്‍ത്തിയായതായും അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് വിദ്യാഭ്യാസം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ രാജ്യത്തെ ചില എമിറേറ്റുകളില്‍ സ്കൂളുകള്‍ തുറന്നെങ്കിലും ഷാര്‍ജയില്‍ ഓണ്‍ലൈന്‍ വഴിയുള്ള വിദ്യാഭ്യാസം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. സ്കൂളുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടു കൂടിയാണ്.
ക്ലാസ് റൂം പഠനം തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയായിരിക്കും ഇപ്പോള്‍ സ്കൂളുകള്‍ തുറക്കുന്നത്. കൂടുതല്‍ കുട്ടികളും ഈ വർഷം അവസാനം വരെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടരാനാണ് താൽപര്യം പ്രകടിപ്പിച്ചത്. സ്കൂളുകളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും കോവിഡ് പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഒപ്പം സ്കൂളുകളില്‍ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങളെ പറ്റിയും ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
Read also : റിലയന്‍സ് റീട്ടെയിലില്‍ 5,500 കോടി രൂപ നിക്ഷേപിക്കാന്‍ കെ.കെ.ആര്







































