മനുഷ്യ ശരീരത്തിന് ഉൽപാദിപ്പിക്കാനോ, ശേഖരിച്ച് വെക്കാനോ സാധിക്കാത്ത ഒന്നാണ് വൈറ്റമിൻ സി. അതിനാൽ തന്നെ വൈറ്റമിൻ സി ഭക്ഷണ പദാർഥങ്ങളിലൂടെ വേണ്ട അളവിൽ ശരീരത്തിൽ എത്തേണ്ടതുണ്ട്. ചെറുരക്‌തക്കുഴലുകൾ, എല്ലുകൾ, പല്ലുകൾ, കൊളാജൻ കലകൾ എന്നിവക്കെല്ലാം വൈറ്റമിൻ സി ആവശ്യമാണ്. ജലത്തിൽ ലയിക്കുന്ന ഈ വൈറ്റമിൻ പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി അടങ്ങിയിട്ടുണ്ട്.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് പ്രധാനപ്പെട്ട ഒന്നാണ് വൈറ്റമിൻ സി. കൂടാതെ ചർമത്തിന്റെ ആരോഗ്യത്തിനും വൈറ്റമിൻ സി വലിയ പങ്ക് വഹിക്കുന്നുണ്ട്. വൈറ്റമിൻ സി ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ചില പഴങ്ങൾ നമുക്ക് പരിചയപ്പെടാം.
പൈനാപ്പിൾ
ഒരു സെർവിങ്ങിൽ 79 മില്ലിഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുള്ള പൈനാപ്പിൾ വൈറ്റമിൻ സിയുടെ പ്രധാന ഉറവിടങ്ങളിൽ ഒന്നാണ്. കൂടാതെ എല്ലുകളെ ശക്‌തിപ്പെടുത്താനും, രക്‌തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പൈനാപ്പിൾ സഹായിക്കും.
പപ്പായ
ഒരു കപ്പ് പപ്പായ കഴിക്കുന്നതിലൂടെ 88 മില്ലിഗ്രാം വൈറ്റമിൻ സി ആണ് നമ്മുടെ ശരീരത്തിൽ എത്തുന്നത്. കൂടാതെ ക്രമം തെറ്റിയ ആർത്തവ ചക്രം പരിഹരിക്കുന്നതിനും പപ്പായ ഏറെ ഗുണം ചെയ്യും. നാരുകൾ ധാരാളമായി അടങ്ങിയ ഒന്നാണ് പപ്പായ.
പേരയ്‌ക്ക
കാലറി കുറഞ്ഞ പേരയ്‌ക്ക വൈറ്റമിൻ സിയുടെ കലവറ ആണെന്ന് തന്നെ പറയാം. ഒരു പേരയ്‌ക്കയിൽ നിന്നും 126 മില്ലിഗ്രാം വൈറ്റമിൻ സി ആണ് ശരീരത്തിൽ എത്തുക. കൂടാതെ അന്നജവും നാരുകളും മിതമായ അളവിൽ പേരയ്‌ക്കയിൽ അടങ്ങിയിട്ടുണ്ട്.
കിവി
137 മില്ലിഗ്രാം വൈറ്റമിൻ സി ലഭിക്കാൻ രണ്ട് കിവി പഴം കഴിച്ചാൽ മതിയാകും. കൂടാതെ ഗ്‌ളൈസെമിക് ഇൻഡക്‌സ് വളരെ കുറഞ്ഞ കിവിപ്പഴം ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്കും, പ്രമേഹ രോഗികൾക്കും വളരെ നല്ലതാണ്.
കാപ്‌സിക്കം
വൈറ്റമിൻ സി ഏറെ അടങ്ങിയിട്ടുള്ള മറ്റൊന്നാണ് കാപ്‌സിക്കം. പച്ച, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള കാപ്‌സിക്കത്തിൽ ഓരോ അളവിലാണ് വൈറ്റമിൻ സി അടങ്ങിയിട്ടുള്ളത്. രണ്ട് ഇടത്തരം വലിപ്പമുള്ള ചുവപ്പ് കാപ്‌സിക്കത്തിൽ നിന്നും 152 മില്ലിഗ്രാം വൈറ്റമിൻ സിയും, പച്ച കാപ്‌സിക്കത്തിൽ നിന്നും 96 മില്ലിഗ്രാം വൈറ്റമിൻ സിയും, മഞ്ഞ കാപ്‌സിക്കത്തിൽ നിന്നും 218 മില്ലിഗ്രാം വൈറ്റമിൻ സിയും ലഭിക്കും.
Read also: രാത്രിയിലെ വിശപ്പ് അകറ്റാൻ ഇവ പരീക്ഷിക്കാം