തിരുവനന്തപുരം: ജില്ലയിലെ ടൈറ്റാനിയം ഫാക്‌ടറിയിൽ ഗ്‌ളാസ് ഫർണസ് പൈപ്പ് പൊട്ടി. ഫർണസ് ഓയിൽ ഓടയിലൂടെ കടലിലേക്ക് പടർന്നു. നിലവിൽ ചോർച്ച അടച്ചതായി കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് ഓയിൽ ചോരാൻ തുടങ്ങിയത്.
കമ്പനിക്ക് പുറകിലുള്ള കടൽ തീരത്താണ് എണ്ണ പടർന്ന് പിടിച്ചിരിക്കുന്നത്. കടൽ തീരത്തടിഞ്ഞ ഓയിലിന്റെ അവശിഷ്‌ടങ്ങൾ ഉടൻ തന്നെ നീക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. എണ്ണ പടർന്ന മണൽ യുദ്ധകാല അടിസ്‌ഥാനത്തിൽ നീക്കും. അതേസമയം, കടലിലേക്ക് എത്ര മാത്രം എണ്ണ പടർന്നു എന്നറിയാൻ കോസ്‌റ്റ് ഗാർഡ് നിരീക്ഷണം നടത്തും.
മലിനീകരണ നിയന്ത്രണ ബോർഡ് സ്‌ഥലത്തെത്തി പരിശോധന നടത്തി. 2 കിലോ മീറ്റർ വരെ ഫർണസ് ഓയിൽ കടലിലേക്ക് വ്യാപിച്ചു എന്നാണ് പ്രാഥമിക വിവരം. ഗ്‌ളാസ് പൗഡർ നിർമാണത്തിന് ഉപയോഗിക്കുന്ന പൊടി തയാറാക്കുന്നതിന് ഇന്ധനമായാണ് ഓയിൽ ഉപയോഗിക്കുന്നത്.
വെട്ടുകാട് മുതൽ വേളി വരെ 2 കിലോ മീറ്ററോളമാണ് എണ്ണ പടർന്നതെന്ന് നാട്ടുകാർ പറയുന്നു. രണ്ട് മാസത്തോളം മൽസ്യബന്ധനം സാധ്യമല്ലെന്നും അതിനാൽ തൊഴിലാളികൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നും വിഎസ് ശിവകുമാർ എംഎൽഎ ആവശ്യപ്പെട്ടു.
Also Read: കേന്ദ്ര നിർദേശം; കർഷക സമരത്തെ കുറിച്ചുള്ള ഗാനങ്ങൾ നീക്കം ചെയ്‌ത് യൂട്യൂബ്