ആലപ്പുഴ: തപാൽ വോട്ടുകളിൽ കൃത്രിമം കാട്ടിയെന്ന പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരിക്കെ, നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ് ജി സുധാകരൻ. ബാലറ്റ് തുറന്ന് നോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും കാര്യങ്ങൾ അൽപ്പം ഭാവന കലർത്തിപ്പറയുകയാണ് ചെയ്തതെന്നും സുധാകരൻ പറഞ്ഞു.
കടക്കരപ്പള്ളിയിൽ സിപിഐ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഴയകാല പാർട്ടി പ്രവർത്തകരുടെ കുടുംബ സംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
”പോസ്റ്റൽ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്നത് പൊതുവെ പറഞ്ഞതാണ്. അതൽപ്പം ഭാവന കലർത്തി പറഞ്ഞതാണ്. അങ്ങനെ സംഭവിച്ചിട്ടില്ല. ഞാൻ അതിനൊന്നും പങ്കെടുത്തിട്ടുമില്ല. ഇന്നുവരെ കള്ളവോട്ട് ചെയ്തിട്ടുമില്ല. ഞാൻ 20 വർഷം എംഎൽഎയായിട്ടുണ്ട്. ഒരിക്കൽപ്പോലും കള്ളവോട്ട് ചെയ്യാൻ ആർക്കും പണം നൽകിയിട്ടില്ല. അതിന്റെ ആവശ്യവുമില്ല”- സുധാകരൻ പറഞ്ഞു.
ആലപ്പുഴയിൽ നടന്ന എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിലാണ് താനുൾപ്പടെ ഉള്ളവർ ചേർന്ന് 36 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരൻ വെളിപ്പെടുത്തിയത്. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ സുധാകരനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവതരമാണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും ആലപ്പുഴ ജില്ലാ കലക്ടർക്ക് തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറാണ് നിർദ്ദേശം നൽകിയത്.
പിന്നാലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആലപ്പുഴയിലെ സുധാകരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. അമ്പലപ്പുഴ തഹസിൽദാർ കെ.അൻവറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുധാകരന്റെ മൊഴിയെടുത്തത്. ഇതിന് ശേഷമാണ് ജി സുധാകരന്റെ നിലപാട് മാറ്റം.
Most Read| നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാർ; മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ട; എസ് ജയശങ്കർ