പത്തനംതിട്ട: തിരുവല്ലയിൽ സ്‌പാ ജീവനക്കാരിയെ കൂട്ട ബലാൽസംഗം ചെയ്‌ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പോലീസ്- ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടിന്റെ സൂചനകളാണ് പുറത്തുവരുന്നത്. സ്‌പാ ഉടമയായ ഡോ. സഞ്‌ജയ് ആണ് നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്.
സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നാണ് സഞ്‌ജയ് പറയുന്നത്. ക്വട്ടേഷൻ നൽകിയത് മറ്റൊരു സ്‌പാ ഉടമയാണെന്നും ഇയാൾ പറയുന്നു. തന്റെ ബിസിനസ് തകർക്കുകയാണ് ലക്ഷ്യം. ഗുണ്ടാപിരിവ് പോലീസിന്റെ കഥയാണെന്നും സഞ്‌ജയ് ആരോപിക്കുന്നു. പോലീസ്- ഗുണ്ട അവിശുദ്ധ കൂട്ടുക്കെട്ടുണ്ട്. പോലീസ് തന്റെ മൊഴിയെടുത്തിട്ടില്ല. പോലീസിൽ പ്രത്യേക പരാതി നൽകുമെന്നും സഞ്‌ജയ് പറഞ്ഞു.
ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം നടന്നത്. കാപ്പാ കേസ് പ്രതിയായ മരണ സുബിനും കൂട്ടാളികളായ അഞ്ചുപേരും ചേർന്ന് സ്‌പായിലെത്തി ഉടമയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ജീവനക്കാരിയെ ബലമായി പിടിച്ചുവച്ച് മർദ്ദിക്കുകയും ചുംബിക്കുകയും ചെയ്‌തുവെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, ബലാൽസംഗ കേസിൽ പോലീസിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നാണ് വിവരം. പോലീസ്- ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം. സ്‌പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസുകാർ തിരുവല്ല സ്‌റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. പോലീസുകാരിൽ ചിലർ സ്‌പാകളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്.
തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കേസിലെ പ്രതിയായ ‘മരണ സുബിൻ’ എന്ന സുബിൻ അലക്‌സാണ്ടർക്കെതിരെ വീണ്ടും കാപ്പ ചുമത്താനാണ് പോലീസ് നീക്കം. കാപ്പാ നിയമപ്രകാരം ആറുമാസത്തെ കരുതൽ തടങ്കലിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് ഇയാൾ പുറത്തിറങ്ങിയത്. കുറ്റകൃത്യങ്ങൾ തുടരുന്നതിനാലാണ് വീണ്ടും കടുത്ത നടപടിക്ക് ആലോചിക്കുന്നത്.
സംഭവം ഇങ്ങനെ, പോലീസ് പറയുന്നത്
കാപ്പാ കേസ് പ്രതിയായ സുബിനും കൂട്ടാളികളും പലതവണ സ്‌പായിലെത്തി ഗുണ്ടാ പിരിവ് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഇന്നലെ പോലീസ് പറഞ്ഞത്. 50,000 രൂപ നൽകണമെന്നായിരുന്നു ഭീഷണി. സ്‌പാ ഉടമ ഇത് തള്ളിയതോടെ ജീവനക്കാരെ ഭീഷണിപ്പെടുത്തി.
പണം കിട്ടില്ലെന്ന് വന്നതോടെ ഫെബ്രുവരി ഒന്നാം തീയതി ഉച്ചയ്‌ക്ക് സ്‌ഥാപനത്തിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ വലിച്ചിഴച്ച് മുറിക്കുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷമായിരുന്നു പീഡനം.
പ്രതികൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്‌തു. സ്‌ഥാപനത്തിൽ ഉണ്ടായിരുന്ന 25,000 രൂപ കൈക്കലാക്കിയാണ് സുബിനും കൂട്ടാളികളും സ്‌ഥലംവിട്ടത്. സംഭവം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ സുബിൻ ഉൾപ്പടെ മൂന്ന് പ്രതികൾ അറസ്‌റ്റിലായിട്ടുണ്ട്. ആകെ ആറ് പ്രതികളാണ് ഉള്ളത്. മൂന്ന് പ്രതികൾ ഒളിവിലാണ്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം








































