കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിൽ കഞ്ചാവ് വാങ്ങാൻ പണം നൽകിയ വിദ്യാർഥികളെ പ്രതികളാക്കില്ല. നിലവിൽ ഇവരെ സാക്ഷികളാക്കാനാണ് തീരുമാനം. വിദ്യാർഥികൾ 16,000 രൂപയാണ് ഗൂഗിൾ പേ വഴി പ്രതി അനുരാജിന് അയച്ചു നൽകിയത്.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തത വരുത്തുന്നതിന് പ്രതികളെ ഇനിയും ചോദ്യം ചെയ്യാനാണ് തീരുമാനം. അതിനിടെ, കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് സാങ്കേതിക സർവകലാശാല വിഭാഗം റിപ്പോർട് സമർപ്പിച്ചു. കോളേജ് ഡയറക്‌ടർ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്‌ഥാനത്തിൽ കോളേജ് ഹോസ്‌റ്റലിലേക്ക് പുറത്ത് നിന്ന് ആർക്കും എളുപ്പത്തിൽ കയറാൻ സാധിക്കുമായിരുന്നു എന്ന നിഗമനത്തിലേക്കാണ് അന്വേഷണം സംഘം എത്തി നിൽക്കുന്നത്.
കഞ്ചാവ് വേട്ടയിൽ അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകരുടെയും പ്രതികളായ വിദ്യാർഥികളുടെയും മൊഴിയെടുത്തിരുന്നു. ലഹരി ഉപയോഗത്തെക്കുറിച്ചു ഒന്നരമാസം മുൻപ് തന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയെന്നായിരുന്നു കോളേജ് അധികൃതർ നൽകിയിരുന്ന മൊഴി. നേരത്തെ പോളിടെക്‌നിക്കിലെ പ്രിൻസിപ്പൽ പോലീസിന് നൽകിയ കത്താണ് ഈ കേസിൽ ഏറ്റവും നിർണായകമായത്.
ക്യാമ്പസിൽ ലഹരി ഇടപാട് നടക്കുമെന്ന സൂചന നൽകി കളമശ്ശേരി പോളിടെക്‌നിക്കിലെ പ്രിൻസിപ്പൽ പോലീസിന് കത്ത് നൽകിയിരുന്നു. മാർച്ച് 12നായിരുന്നു പ്രിൻസിപ്പൽ കത്ത് നൽകിയത്. ലഹരിക്കായി ക്യാമ്പസിൽ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിൻസിപ്പൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നിർണായക നീക്കം നടത്തിയത്. പ്രിൻസിപ്പലിന്റെ കത്തിന്റെ പശ്‌ചാത്തലത്തിലാണ് പോലീസ് ഹോസ്‌റ്റലിൽ റെയ്‌ഡ് നടത്തിയത്.
മുറികളിൽ നടത്തിയ പരിശോധനയിൽ കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയിൽ നിന്ന് മാത്രം 1.9 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. മറ്റൊരു മുറിയിൽ നിന്ന് ഒമ്പത് ഗ്രാം കഞ്ചാവും പിടികൂടി. ആലപ്പുഴ സ്വദേശിയായ ആദിത്യൻ, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയിൽ നിന്നാണ് ഒമ്പത് ഗ്രാം കഞ്ചാവ് പിടികൂടിയത്.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി







































