ഗാസ സിറ്റി: വെടിനിർത്തൽ കരാർ പ്രാബല്യത്തിലായെങ്കിലും മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറ്റം ചെയ്യുന്ന ഹമാസ് നടപടികൾ വൈകുന്നു. മൃതദേഹങ്ങൾ കൈമാറുന്നത് വൈകുന്നുവെന്ന് ആരോപിച്ച് ഗാസയിലേക്കുള്ള സഹായങ്ങൾക്ക് ഇസ്രയേൽ നിയന്ത്രണം ഏർപ്പെടുത്തുകയും റഫാ അതിർത്തി അടയ്‌ക്കുകയും ചെയ്‌തു.
ഇതിന് പിന്നാലെ നാല് മൃതദേഹങ്ങൾ ഹമാസ് റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറി. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി അവ ടെൽ അവീവിലെ അബു കബീർ ഫൊറൻസിക് ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. നടപടിക്രമങ്ങൾക്ക് രണ്ടു ദിവസത്തെ കാലതാമസം ഉണ്ടാകുമെന്നാണ് വിവരം.
മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ തടഞ്ഞുവെച്ചതിലൂടെ ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രയേൽ ആരോപിച്ചതിന് ശേഷമാണ് ഈ കൈമാറ്റം നടന്നത്. തിങ്കളാഴ്‌ച ജീവനോടെയുള്ള 20 ബന്ദികളെയും നാല് പേരുടെ മൃതദേഹങ്ങളും ഹമാസ് വിട്ടയച്ചിരുന്നു. എന്നാൽ, ബാക്കിയുള്ള ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടയക്കുന്നതിലാണ് കാലതാമസം ഉണ്ടായത്.
ചൊവ്വാഴ്‌ച രാത്രിയോടെ നാല് മൃതദേഹങ്ങൾ കൂടി ഇസ്രയേലിലേക്കെത്തി. ഇവ ബന്ദികളുടേതാണെന്ന് സ്‌ഥിരീകരിച്ചാൽ, 20 ബന്ദികളുടെ മൃതദേഹങ്ങൾ ഇപ്പോഴും ഹമാസിന്റെ കൈവശം അവശേഷിക്കുന്നുവെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു. അതേസമയം, നാല് ബന്ദികളുടെ മൃതദേഹങ്ങൾ കൂടി ബുധനാഴ്‌ച ഇസ്രയേലിന് കൈമാറുമെന്ന് ഹമാസ് മധ്യസ്‌ഥരെ അറിയിച്ചിട്ടുണ്ട്. നടപടികൾ വേഗത്തിലാക്കിയാൽ നിയന്ത്രണങ്ങൾ ഒഴിവാവാക്കുമെന്ന് ഇസ്രയേലും വ്യക്‌തമാക്കി.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ