ഉണ്ണി മുകുന്ദൻ, നിഖില വിമലൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആശിർവാദ് സിനിമാസ് ഏറ്റെടുത്തു. ആശിർവാദ് സിനിമാസിന്റെ അമരക്കാരനായ ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആദ്യമായാണ് മോഹൻലാലിന്റേയും പ്രണവ് മോഹൻലാലിന്റേയും അല്ലാത്ത ഒരു ചിത്രത്തിന്റെ വിതരണാവകാശം ആശിർവാദ് ഏറ്റെടുക്കുന്നത്. അതേസമയം, ആശിർവാദ് സിനിമാസിന് നന്ദി അറിയിച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്റെ സാമൂഹിക മാദ്ധ്യമ പോസ്‌റ്റും ആരാധകർ ഏറ്റെടുത്തു. ‘മഹാൻമാരോടൊപ്പം നടക്കുമ്പോൾ ചില യാത്രകൾ പ്രത്യേകതയുള്ളതാകും’ എന്ന കുറിപ്പിനോട് ചേർത്ത് മോഹൻലാലും ആന്റണി പെരുമ്പാവൂരും ഒത്തുള്ള ചിത്രവും ഉണ്ണി സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചു.
പാൻ ഇന്ത്യൻ ബ്ളോക്ക് ബസ്‌റ്ററായ മാർക്കോയ്‌ക്ക് ശേഷം ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. ഉണ്ണി മുകുന്ദൻ ഐവിഎഫ് സ്‌പെഷ്യലിസ്‌റ്റായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു ഡോക്‌ടർ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ അവതരിപ്പിച്ച് പ്രേക്ഷകനെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന സിനിമയായിരിക്കും ‘ഗെറ്റ് സെറ്റ് ബേബി’ എന്ന് നിസ്സംശയം പറയാം.
സാമൂഹിക പ്രസക്‌തിയുള്ള ഈ ഫാമിലി എന്റർടെയ്‌നർ നിരവധി വൈകാരിക മുഹൂർത്തങ്ങളെ നർമത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കുന്നു. ആസിഫ് അലി നായകനായ കോഹിനൂരിന് ശേഷം വിനയ് ഒരുക്കുന്ന ചിത്രം കൂടിയാണിത്. സ്‌കന്ദാ സിനിമാസും കിംഗ്‌സ്‌മെൻ പ്രൊഡക്ഷൻസും സംയുക്‌തമായി നിർമിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമാണ പങ്കാളികളാവുന്നു.
RDXന് ശേഷം അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഗെറ്റ് സെറ്റ് ബേബി’ക്കുണ്ട്. നിഖില വിമലൻ നായികയായെത്തുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേശ്, ജുവൽ മേരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.
വൈവി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സാം സിഎസ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിങ്- അർജു ബെൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കെ ജോർജ്, വസ്‌ത്രാലങ്കാരം സമീറാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ വി തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം