മോസ്‌കോ: യുക്രൈന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ വിവിധ ഉപരോധങ്ങൾ റഷ്യക്ക് തിരിച്ചടിയാകുന്നു. റേറ്റിങ് ഏജൻസികളായ ഫിച്ച്, മൂഡീസ് എന്നിവ റഷ്യയുടെ റേറ്റിങ് ‘വിലകുറഞ്ഞ’ നിലവാരത്തിലേക്ക് താഴ്‌ത്തി.
വികസ്വര വിപണികളുടെ സൂചികയായ എംഎസ്‌സിഐയും ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സബ്‌സിഡിയറിയായ എഫ്‌ടിഎസ്‌ഇ റസ്‌റ്റലും അവരുടെ സൂചികകളിൽ നിന്നും റഷ്യൻ വിപണിയെ ഒഴിവാക്കി. മാർച്ച് ഏഴ് മുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
എമേർജിങ് വിപണികളിൽ നിന്ന് ‘ഒറ്റപ്പെട്ട വിപണി’ നിലവാരത്തിലേക്കാണ് റഷ്യയെ താഴ്‌ത്തിയത്. നിക്ഷേപ യോഗ്യമല്ലാത്തത് എന്നാണ് എംഎസ്‌സിഐയിലെ ഉന്നത ഉദ്യോഗസ്‌ഥൻ റഷ്യൻ വിപണിയെ വിശേഷിപ്പിച്ചത്. ആഗോള റേറ്റിങ് ഏജൻസിയായ ഫിച്ച് റഷ്യയെ ‘ബിബിബി’ യിൽ നിന്ന് ‘ബി’ വിഭാഗത്തിലേക്കാണ് തരംതാഴ്‌ത്തിയത്. 1997ൽ ദക്ഷിണ കൊറിയ മാത്രമാണ് ഇത്തരത്തിൽ വലിയൊരു തരംതാഴൽ നേരിട്ടതെന്നാണ് വിലയിരുത്തൽ.
യുക്രൈനിലെ സൈനിക അധിനിവേശത്തെ തുടർന്ന് റഷ്യക്ക് മേലുണ്ടായ അന്താരാഷ്‌ട്ര ഉപരോധങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക സ്‌ഥിരതയെ ബാധിച്ചത്.
Most Read: വനിതാ നേതാക്കളോട് മോശം പെരുമാറ്റം; വിമർശനവുമായി ആർ ബിന്ദു






































