കൊച്ചി: സ്വർണപ്പാളി കേസിൽ എസ്ഐടി കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. സീൽ ചെയ്‌ത കവറിലാണ് കൊല്ലം വിജിലൻഡ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചത്. 1998ൽ പൊതിഞ്ഞ സ്വർണം അതേ അളവിൽ 2019ലും പൂശിയോ എന്നത് സംബന്ധിച്ച കണക്കടക്കം റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.
കോടതി നിർദ്ദേശപ്രകാരം വിഎസ്എസ്സിയിൽ നടത്തിയ ശാസ്‌ത്രീയ പരിശോധനയുടെ ഫലവും റിപ്പോർട്ടിലുണ്ട്. ദ്വാരപാലക ശിൽപ്പത്തിന്റെയും കട്ടിളപ്പാളികളുടെയും സാമ്പിളുകൾ വിഎസ്എസ്സി നേരത്തെ ശേഖരിച്ചിരുന്നു. സ്വർണത്തിന്റെ കാലപ്പഴക്കവും പരിശുദ്ധിയും നിർണയിക്കാനുള്ള ശാസ്‌ത്രീയ പരിശോധനകളും നടന്നിരുന്നു.
ഈ പരിശോധനാ ഫലം ഉൾപ്പെടുന്ന റിപ്പോർട്ടാണ് ഇപ്പോൾ എസ്ഐടി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. സ്വർണം പൊതിഞ്ഞ പാളി ചെമ്പുപാളിയാക്കി മാറ്റിയോ എന്ന കാര്യവും എസ്ഐടി റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. അതിനിടെ, ശബരിമലയിലെ പഴയ കൊടിമരത്തിൽ ഉണ്ടായിരുന്ന പഞ്ചലോഹത്തിൽ നിർമിച്ചു സ്വർണം പൊതിഞ്ഞ വാജിവാഹനം തന്ത്രി കൈക്കലാക്കിയ സംഭവത്തിൽ ദേവസ്വം ബോർഡിന്റെ രേഖ പുറത്തുവന്നു.
ഇത്തരം വസ്‌തുക്കൾ തന്ത്രിക്ക് കൊണ്ടുപോകാനാകില്ലെന്ന് വ്യക്‌തമാക്കുന്ന രേഖയാണ് പുറത്തുവന്നത്. തന്ത്രി സമാജത്തിന്റെ ആവശ്യപ്രകാരം 2012ൽ ദേവസ്വം ബോർഡ് നൽകിയ വിശദീകരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി





































