തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. നിലവിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ്.
തിരുവനന്തപുരത്ത് നടന്ന ദേവസ്വം ബോർഡിന്റെ യോഗത്തിലാണ് സുപ്രധാന തീരുമാനം. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മുരാരി ബാബുവിന്റെ നടപടികളും തീരുമാനങ്ങളും സംശയം ഉണ്ടാക്കുന്നതാണെന്ന ബോർഡിന്റെ ബോധ്യത്തിലാണ് ഈ വിഷയം ദേവസ്വം ബോർഡ് യോഗത്തിൽ അജണ്ടയായി വന്നത്. വിവാദത്തിൽ മുരാരി ബാബുവിന് പ്രധാനമായും രണ്ട് ഘട്ടങ്ങളിൽ പിഴവ് സംഭവിച്ചു എന്ന് ബോർഡ് വിലയിരുത്തിയതായാണ് വിവരം.
2019ൽ ദ്വാരപാലക ശിൽപ്പത്തിലെ പാളി സ്വർണം ആയിരുന്നുവെങ്കിലും അത് ചെമ്പാക്കി മാറ്റാനുള്ള ഉത്തരവ് ഇറക്കിയത് മുരാരി ബാബു ശബരിമലയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന കാലത്താണ്. ഇവിടെ അദ്ദേഹത്തിന് ഒരു വലിയ പിഴവ് സംഭവിച്ചതായി ബോർഡ് കരുതുന്നു.
ദ്വാരപാലക ശിൽപ്പത്തിന് അറ്റകുറ്റപ്പണി എന്ന നിലയിൽ അത് 2025ൽ വീണ്ടും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടണമെന്ന് ഫയൽ എഴുതിയത് മുരാരി ബാബു ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിക്കുന്ന കാലത്താണ്. ഇവിടെയും മുരാരി ബാബുവിന് വീഴ്ച ഉണ്ടായെന്നാണ് വിലയിരുത്തൽ.
സസ്പെൻഷൻ നടപടിക്ക് തൊട്ടുമുൻപ് മാദ്ധ്യമങ്ങളോട് സംസാരിച്ച മുരാരി ബാബു, ചെമ്പ് തെളിഞ്ഞത് കണ്ടതുകൊണ്ടാണ് സ്വർണം പൂശാൻ കൊണ്ടുപോയത് എന്നൊക്കെയാണ് പറഞ്ഞിരുന്നത്. ഉത്തരവിൽ ഒപ്പിട്ടത് താനാണെന്നും, ആ ഉത്തരവിലൂടെയാണ് അത് ചെമ്പ് പാളിയാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ പറഞ്ഞതനുസരിച്ചു, എത്ര തേയ്മാനം വന്നാലും ആ ചെമ്പുപാളികളിൽ രണ്ടുതരി സ്വർണമെങ്കിലും അവശേഷിക്കുമെന്നാണ്. ഇതും ചെമ്പ് തെളിഞ്ഞു എന്ന് മുരാരി ബാബു പറഞ്ഞത് കള്ളമാണെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തതിലൂടെ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുള്ള ആദ്യ നടപടിയാണ് ഉണ്ടായിരിക്കുന്നത്.
Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്