സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. ഇന്ന് ഒറ്റ ദിവസം പവന് 1040 രൂപ ഉയർന്ന്, ചരിത്രത്തിൽ ആദ്യമായി 86,000 രൂപ ഭേദിച്ച് മുന്നേറി. 86,760 രൂപയിലാണ് ഇന്ന് വ്യാപാരം. 130 രൂപയുടെ കുതിപ്പുമായി ഗ്രാം വില 10,845 രൂപയിലുമെത്തി. വരും ദിവസങ്ങളിലും കുതിപ്പ് തുടർന്നാൽ പവൻ വില ലക്ഷം കടക്കുമെന്ന ആശങ്കയിലാണ് ആഭരണ പ്രേമികൾ.
ഇന്ന് സ്വർണം വാങ്ങിയാൽ 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും മിനിമം 5% പണിക്കൂലിയും കൂട്ടിയാൽ തന്നെ, ഒരുഗ്രാം ആഭരണത്തിന് 11,735 രൂപയാകും. ഒരുപവൻ ആഭരണം വാങ്ങാൻ 93,885 രൂപയും. ഇനി പണിക്കൂലി പത്തുശതമാനം ആണെങ്കിൽ ഒരു ഗ്രാമിന്റെ വാങ്ങൽ വില 12,300 രൂപയും പവൻ വില 98,355 രൂപയുമാകും.
ഇന്നലെയും ഇന്നുമായി മാത്രം ഗ്രാമിന് കേരളത്തിൽ 260 രൂപയാണ് കൂടിയത്. പവന് 2080 രൂപയും. സ്വർണക്കുതിപ്പിന്റെ ആവേശം കത്തിനിന്ന മാസമാണ് സെപ്തംബർ. 77,640 രൂപയായിരുന്നു ഈമാസം ഒന്നിന് പവൻ വില. ഈയൊരു ഒറ്റമാസം കൊണ്ട് പവൻ കുതിച്ചു കയറിയത് 9120 രൂപ, ഗ്രാമിന് 260 രൂപയും വർധിച്ചു.
രാജ്യാന്തര വില കുതിച്ചുപായുന്നതിന്റെ ആവേശമാണ് കേരളത്തിലും അലയടിക്കുന്നത്. ഔൺസിന് 38.75 ഡോളർ ഉയർന്ന് 3865.53 ഡോളറിലാണ് ഇപ്പോൾ വ്യാപാരം. ഒരുവേള സർവകാല ഉയരമായ 3866.44 ഡോളറിലുമെത്തി. ഇനിയും കൂടുന്നതിന്റെ ട്രെൻഡാണ് കാണുന്നതെന്നത് ആശങ്കയും കൂട്ടുന്നു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം





































