തിരുവനന്തപുരം: സംസ്‌ഥാനത്ത് മലയാള ഭാഷ നിർബന്ധമാക്കുന്ന മലയാള ഭാഷ ബില്ലിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഒപ്പിട്ടു. ഗവർണർ അംഗീകാരം നൽകിയതോടെ നിയമം ഉടൻ പ്രാബല്യത്തിൽ വരും. ഒന്ന് മുതൽ പത്തുവരെ ക്ളാസുകളിൽ ഇനി മലയാളം നിർബന്ധമാക്കും. കോടതി ഭാഷ, സർക്കാർ ഉത്തരവുകൾ എന്നിവയും പിഎസ്‌സി പരീക്ഷകളും ഇനി മലയാളത്തിൽ ആയിരിക്കും.
മലയാള ഭാഷ ബിൽ പാസാക്കണമെന്ന് സാംസ്‌കാരിക നായകർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി സംസ്‌ഥാന അധ്യക്ഷൻ ബില്ലിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഗവർണർക്ക് കത്ത് നൽകുകയും ചെയ്‌തിരുന്നു. 2015ൽ യുഡിഎഫ് സർക്കാർ പാസാക്കിയ ബില്ലിന് രാഷ്‍ട്രപതി അനുമതി നൽകിയിരുന്നില്ല.
ഇതിനുപിന്നാലെയാണ് സംസ്‌ഥാന സർക്കാർ ബില്ലുമായി മുന്നോട്ടുപോയത്. ഒക്‌ടോബറിൽ നിയമസഭ പാസാക്കിയ മലയാള ഭാഷാ ബില്ലിന് 2025ലാണ് ഗവർണർ അംഗീകാരം നൽകിയിരിക്കുന്നത്. ബിൽ പ്രാബല്യത്തിലാകുന്നതോടെ സംസ്‌ഥാനത്ത് ഭരണഭാഷ മലയാളമാകും.
കേരളത്തിലെ എല്ലാ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലും 10ആംതരം വരെ നിർബന്ധിത ഒന്നാം ഭാഷയായി മലയാളം മാറും. മറ്റു ഭാഷകൾ മാതൃഭാഷയായിട്ടുള്ള വിദ്യാർഥികൾക്ക് മലയാളം കൂടി പഠിക്കാൻ അവസരം നൽകും. ശാസ്‌ത്ര സാങ്കേതിക രംഗത്തെ വികസനത്തിനായി ഏകീകൃത ലിപി വിന്യാസം ഉണ്ടാകും. ജില്ലാ കോടതികൾ മുതൽ താഴെയുള്ള കോടതികളിലെ ഭാഷയും വിധിന്യായവും സർക്കാരിന് കീഴിലുള്ള അർധ ജുഡീഷ്യൽ അധികാരമുള്ള സ്‌ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാകും.
സർക്കാർ, സ്വയംഭരണ, സഹകരണ സ്‌ഥാപനങ്ങളുടെ ബോർഡുകളും ഉദ്യോഗപ്പേരുകളും വാഹന ബോർഡുകളും മലയാളത്തിലാകും. സർക്കാർ വെബ്‌സൈറ്റുകളിൽ മലയാളം കൂടി തിരഞ്ഞെടുക്കാനാകും. സർവകലാശാല പാഠ്യക്രമങ്ങളിൽ മലയാളം ഒരു പേപ്പറായി പരിഗണിക്കും.
മലയാള ഭാഷ ബില്ലിനെതിരെ കർണാടക മുഖ്യമന്ത്രിയടക്കം എതിർപ്പ് ഉയർത്തുകയും ഒപ്പിടരുതെന്ന് ഗവർണറോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ, എതിർപ്പുകൾക്ക് അടിസ്‌ഥാനമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം




































