തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്നും ഭാരതാംബ രാജ്യത്തിന്റെ അടയാളമാണെന്നും ഗവർണർ വ്യക്‌തമാക്കി. പരിസ്‌ഥിതി ദിന പരിപാടിയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിൽ ഗവർണർ അതൃപ്‌തി അറിയിക്കുകയും ചെയ്‌തു.
ആർഎസ്എസ് ഉപയോഗിക്കുന്ന കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രമാണ് രാജ്ഭവനിൽ വച്ചിരിക്കുന്നതെന്നും സർക്കാർ പരിപാടിയിൽ അത്തരം ചിത്രം ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്‌തമാക്കിയാണ് കൃഷിമന്ത്രി പി പ്രസാദ് രാജ്ഭവനിലെ ഇന്നത്തെ പരിസ്‌ഥിതി ദിന പരിപാടി ബഹിഷ്‍കരിച്ചത്.
മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് കൃഷിവകുപ്പിന്റെ പരിപാടി രാജ്ഭവനിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് മാറ്റിയതെന്നും മന്ത്രി വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയത്. മന്ത്രിമാർക്ക് വരാൻ കഴിയാത്ത എന്ത് സാഹചര്യമാണ് ഉള്ളതെന്ന് ഗവർണർ ചോദിച്ചു.
”വിദ്യാഭ്യാസ മന്ത്രി എത്തുമെന്നാണ് ആദ്യം അറിയിച്ചത്. അദ്ദേഹത്തിന് വരാൻ പറ്റാത്തതിനാൽ കൃഷിമന്ത്രി വരുമെന്ന് പറഞ്ഞു. എന്നാൽ, വേദിയിൽ നിന്ന് ഭാരതാംബയുടെ ചിത്രം മാറ്റണമെന്നാണ് കൃഷിമന്ത്രി ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് മറുപടി നൽകി. മാതൃഭൂമിയെ മാറ്റാൻ കഴിയില്ല. ഇത്തരം ആദർശങ്ങൾക്ക് വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. ചിത്രം മാറ്റാൻ പറ്റില്ലെന്ന് പറഞ്ഞതുകൊണ്ടാകാം രണ്ട് മന്ത്രിമാരും വരാതിരുന്നത്. എന്തുതരം ചിന്താഗതിയാണ് ഇതെന്ന് എനിക്കറിയില്ല”- ഗവർണർ പറഞ്ഞു.
കൃഷിമന്ത്രി ബഹിഷ്‌കരിച്ച സാഹചര്യത്തിൽ രാജ്ഭവൻ സ്വന്തം നിലയ്‌ക്ക് നടത്തിയ പരിസ്‌ഥിതി ദിനാഘോഷം ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തിയാണ് ഗവർണർ ആരംഭിച്ചത്. തുടർന്ന് ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുകയും ചെയ്‌തു. ചടങ്ങിന്റെ ചിത്രങ്ങൾ രാജ്ഭവൻ പുറത്തുവിട്ടു. അതിനിടെ, പ്രസാദിന്റെ നടപടിയെ അനുകൂലിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. അന്തസുള്ള നിലപാടാണ് മന്ത്രി സ്വീകരിച്ചതെന്നാണ് ഗോവിന്ദൻ പറഞ്ഞത്.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ