സുപ്രീം കോടതിക്കെതിരെ ‘ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലെന്ന്’ ഗവർണർ

നിയമസഭ രാഷ്‌ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും വ്യക്‌തവും അടിസ്‌ഥാനപരവുമായ കാരണങ്ങൾ ഇല്ലാതെ ബില്ലുകൾ തടഞ്ഞാൽ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യാമെന്നുമുള്ള സുപ്രീംകോടതി ഉത്തരവിനെ ശക്‌തമായി വിമർശിച്ച് ഗവർണർ രാജേന്ദ്ര അർലേകർ

By Desk Writer, Malabar News
Governor Rajendra Arlekar against the Supreme Court
ചിത്രത്തിന് കടപ്പാട്: FB/RajendraArlekar
Ajwa Travels

തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്ക് സമയപരിധി നിശ്‌ചയിച്ചുകൊണ്ട് തമിഴ്‌നാട്‌ ഗവർണർക്കെതിരെ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്ന് കേരള ഗവർണർ രാജേന്ദ്ര അർലേക്കർ. ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് പാർലമെന്റാണെന്ന് ‘ഹിന്ദുസ്‌ഥാൻ ടൈംസിനു’ നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ബില്ലുകളിൽ തന്റെ എതിർ നിലപാട് വ്യക്‌തമാക്കുന്ന സൂചനയും ഗവർണർ നൽകി. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിഷയങ്ങൾ വ്യത്യസ്‌തമാണെന്നാണ് ഇദ്ദേഹം പറഞ്ഞത്.

ഗവർണർ ഒരു നിശ്‌ചിത സമയത്തിനുള്ളിൽ ബില്ലുകളിൽ തീരുമാനമെടുക്കണമെന്ന് ഭരണഘടനയിൽ സൂചിപ്പിച്ചിട്ടില്ലെന്നും ഈ പോരായ്‌മ ഞങ്ങൾ അതാത് സംസ്‌ഥാന സർക്കാരുകളെയും അതുവഴി ജനങ്ങളെയും വേട്ടയാടാനുള്ള രാഷ്‌ട്രീയ ഉപകരണമായി ഉപയോഗിക്കുമെന്ന സൂചനയും ഇദ്ദേഹം നൽകി.

‘‘ഹരജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫർ ചെയ്യണമായിരുന്നു. അവർ ചർച്ച ചെയ്‌ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നൽകാൻ ഗവർണർക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്‌ചയിച്ചിട്ടില്ല. എന്നാൽ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാൽ, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു.” -ഗവർണർ രാജേന്ദ്ര അർലേകർ പറഞ്ഞു.

“ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കിൽ, നിയമസഭയും പാർലമെന്റും പിന്നെ എന്തിനാണ്? ഭരണഘടന ഭേദഗതികൾ കൊണ്ടുവരാനുള്ള അവകാശം പാർലമെന്റിനാണ്. ഭേദഗതിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കണം. അവിടെ ഇരിക്കുന്ന രണ്ട് ജഡ്‌ജിമാരാണോ ഭരണഘടനാ ഭേദഗതി തീരുമാനിക്കുന്നത്? എനിക്ക് ഇത് മനസിലാകുന്നില്ല. ഇത് ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടലാണ്. അവർ ഇത് ചെയ്യാൻ പാടില്ലായിരുന്നു.’’ –ഗവർണർ കൂട്ടിച്ചേർത്തു.

ബില്ലുകൾ വൈകിപ്പിച്ച് തിരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന സർക്കാരുകളെ വേട്ടയാടുന്ന രീതി ശരിയാണെന്ന സൂചനയും അത് ഇനിയും തുടരുമെന്ന ധ്വനിയും ഇദ്ദേഹത്തിന്റെ വരികളിൽ പ്രകടിപ്പിച്ചു.”‘ഒരു നിശ്‌ചിത സമയപരിധി ഉണ്ടായിരിക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. പക്ഷേ അതു തീരുമാനിക്കേണ്ടത് പാർലമെന്റ് ആണ്. തമിഴ്‌നാട് ഗവർണർക്ക് ബില്ലുകളുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ ഉണ്ടാകും. അവർ അതു പരിഹരിക്കട്ടെ. വ്യത്യസ്‌ത കോടതികളിലായി വർഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി ജുഡീഷ്യൽ കേസുകൾ നമ്മൾ കണ്ടിട്ടുണ്ട്. ഹൈക്കോടതികളും സുപ്രീം കോടതിയിലും ചില കേസുകൾ കെട്ടിക്കിടക്കുന്നു.” -ഗവർണർ പറഞ്ഞു.

“അതിനുപിന്നിൽ ജഡ്‌ജിമാർക്കും ചില കാരണങ്ങളുണ്ടാകും. അങ്ങനെയെങ്കിൽ ബില്ലുകളിൽ തീരുമാനം എടുക്കാതിരിക്കാൻ ഗവർണർക്കും ചില കാരണങ്ങളുണ്ടാകാം. അത് അംഗീകരിക്കണം. ഒരു സമയപരിധി വേണമെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ, പാർലമെന്റിലൂടെ ജനങ്ങൾ അതു തീരുമാനിക്കട്ടെ.’’ –ഗവർണർ പറയുന്നു.

ആദ്യമായാണ് നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്‌ട്രപതിക്ക് കോടതി സമയ പരിധി നിശ്‌ചയിക്കുന്നത്. ഗവര്‍ണര്‍മാര്‍ അയയ്‌ക്കുന്ന ബില്ലുകളില്‍ രാഷ്‌ട്രപതി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഭരണഘടനയുടെ 201ആം അനുച്ഛേദത്തിലാണ് വിശദീകരിക്കുന്നത്. എന്നാല്‍ സമയപരിധി പറയുന്നില്ല. ഈ സാധ്യതയാണ് എൻഡിഎ സർക്കാർ നിയമിക്കുന്ന ഗവർണർമാർ സംസ്‌ഥാന സർക്കാരുകളുടെ വികസന പ്രവർത്തനങ്ങൾ ഉൾപ്പടെയുള്ള ബില്ലുകൾ തടയാൻ ഉപയോഗിച്ചിരുന്നത്.

ഇതിനാണ് പുതിയ വിധിയിലൂടെ സുപ്രീംകോടതികടിഞ്ഞാണിടാൻ ശ്രമിക്കുന്നത്. രാഷ്‌ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും രാഷ്‌ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ലെന്നും രാഷ്‌ട്രപതി പിടിച്ചുവെക്കുന്ന ബില്ലുകളില്‍ വ്യക്‌തമായ കാരണം വേണമെന്നും സുപ്രീംകോടതി പറഞ്ഞു. ജസ്‌റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

MOST READ | ‘ഇര ക്ഷണിച്ചുവരുത്തിയത്’; ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE