തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ നിർണായക നീക്കവുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. വൈസ് ചാൻസലർ നിയമന പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ സുപ്രീം കോടതിയെ സമീപിച്ചു.
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന സേർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാപ്രകാരം ചാൻസലർ നിയമനം നടത്തണമെന്നുമാണ് കോടതി നിർദ്ദേശിച്ചത്.
ജസ്റ്റിസ് സുധാംശു ദിലിയുടെ അധ്യക്ഷതയിലുള്ള സേർച്ച് കമ്മിറ്റിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. കേരളത്തിന്റെ രണ്ട് പ്രതിനിധികളും ചാൻസലറുടെ രണ്ട് പ്രതിനിധികളും അടങ്ങുന്ന അഞ്ചംഗ സമിതിയാണ് വിസി പട്ടിക തയ്യാറാക്കുന്നത്. എന്നാൽ, സേർച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്കല്ല മറിച്ച് ചാൻസലറായ തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണർ ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ബംഗാളിൽ സ്വീകരിച്ചതിന് സമാനമായ നടപടിയാണ് സുപ്രീം കോടതി ഈ രണ്ട് സർവകലാശാലകളുടെയും സേർച്ച് കമ്മിറ്റി രൂപീകരണത്തിൽ നടത്തിയത്. അതേസമയം, ബംഗാളിലെ സ്ഥിതി വ്യത്യസ്തമാണെന്നും ഈ സർവകലാശാലകളുടെ വിസി നിയമനത്തിൽ മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഒരു റോളുമില്ലെന്നും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്ന് മുഖ്യമന്ത്രിയെ പൂർണമായി ഒഴിവാക്കണമെന്നുമാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇപ്പോഴുള്ള അഞ്ചംഗ സേർച്ച് കമ്മിറ്റി യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും യുജിസി പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റോർണി ജനറലിൽ നിന്ന് നിയമോപദേശം സ്വീകരിച്ചതിന് ശേഷമാണ് ഗവർണറുടെ നടപടി.
Most Read| ‘ഇന്ത്യ നിൽക്കേണ്ടത് യുഎസിനോടൊപ്പം, പുട്ടിൻ-മോദി കൂടിക്കാഴ്ച ലജ്ജാകരം’