തിരുവനന്തപുരം: കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട് സമർപ്പിച്ചു. ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ജയിലിലെ സ്‌ഥിരം പ്രശ്‌നക്കാരനാണ് ഗോവിന്ദച്ചാമിയെന്നും റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട് ജയിൽ ഡിജിപിക്ക് കൈമാറി. ജീവനക്കാരോ സഹതടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നാണ് പ്രധാന കണ്ടെത്തൽ. ഗോവിന്ദച്ചാമിയുടെ ഇടതുകൈക്ക് സാധാരണ ഒരു കൈയുടെ കരുത്തുണ്ട്. ഒരാളെ ഇടിക്കാൻ പോലും ഈ കൈ കൊണ്ട് കഴിയും. ജയിലിൽ സുരക്ഷാ വീഴ്‌ചയുണ്ടായി. രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്‌റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്‌ച സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സെല്ലിൽ എലി കടിക്കുന്നത് തടയാൻ ഗോവിന്ദച്ചാമി തുണി ചോദിച്ചെങ്കിലും ജയിൽ അധികൃതർ നൽകിയിരുന്നില്ല. റിമാൻഡ് തടവുകാർ അലക്കി ഉണക്കാനിട്ടപ്പോഴാകാം പ്രതി തുണി സംഘടിപ്പിച്ചത് എന്നാണ് നിഗമനം. ആദ്യത്തെ ചെറുമതിൽ ചാടിക്കടക്കാൻ രണ്ട് വീപ്പകളാണ് ഗോവിന്ദച്ചാമി ഉപയോഗിച്ചത്. ഒരു വീപ്പ നേരത്തെ മതിലിന് സമീപത്തുണ്ടായിരുന്നു. പൊക്കം കൂട്ടാൻ മറ്റൊരെണ്ണം കൂടെ ജയിൽ വളപ്പിൽ നിന്ന് ശേഖരിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി