ഇടുക്കി: ജില്ലക്കായി 10,000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാൻ ഒരുങ്ങി സംസ്‌ഥാന സർക്കാർ. അടുത്ത ദിവസം കട്ടപ്പനയിൽ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രഖ്യാപിക്കും. എന്നാൽ, പാക്കേജ് തിരഞ്ഞെടുപ്പ് നാടകമാണെന്നും നാളെ ഇടുക്കിയിൽ വഞ്ചനാ ദിനം ആചരിക്കുമെന്നും യുഡിഎഫ് അറിയിച്ചു.
2018ലെ പ്രളയം മൂലം ദുരിതത്തിലായ ഇടുക്കി ജില്ലക്ക് കൈത്താങ്ങാകാൻ 2019ലെ ബജറ്റിന് ശേഷം സർക്കാർ 5,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒന്നും നടപ്പാക്കിയില്ല. തുടർന്ന് 2020ലെ ബജറ്റിൽ 1,000 കോടിയുടെ പ്രായോഗിക ബജറ്റ് പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയിയെ തുടർന്ന് ഈ പ്രഖ്യാപനവും വെറും കടലാസുകളിൽ മാത്രമായി ഒതുങ്ങി.
ഇത്തരത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് അടുത്ത പ്രഖ്യാപനവുമായി മുഖ്യമന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്. പ്രഖ്യാപിച്ചവ ഒന്നും നടപ്പാക്കാതെ പുതിയ പാക്കേജിന് ഒരുങ്ങുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്‌ട്രീയ കളിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇടുക്കി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നാളെ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.
Also Read: പിഎസ്‌സി സമരം തീർപ്പാക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിസഭാ യോഗം ചർച്ച ചെയ്യും





































