തിരുവനന്തപുരം: എസ്എസ്എൽസി- പ്ളസ് ടു പരീക്ഷകൾക്ക് ഇത്തവണയും ഗ്രേസ് മാർക്ക് നൽകില്ല. കലാ-കായിക മൽസരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എൻസിസി ഉൾപ്പടെ ഉള്ളവക്കും ഗ്രേസ് മാർക്ക് ഉണ്ടാകില്ല. നാളെയാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം.
കല, കായിക മൽസര ജേതാക്കള്‍ക്ക് പുറമേ സ്‌റ്റുഡന്റ്സ് പോലീസ് കാഡറ്റ്, എന്‍സിസി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്സ്, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കി വന്നിരുന്നത്.
എന്നാൽ കോവിഡ് സാഹചര്യത്തിൽ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞവര്‍ഷം ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നില്ല. പകരം, ഉപരിപഠനത്തിന് നിശ്‌ചിത മാര്‍ക്ക് ബോണസ് പോയന്റായി നല്‍കുകയാണ് ചെയ്‌തത്.
സ്‌കൂളുകള്‍ വീണ്ടും സജീവമായതോടെ ഗ്രേസ് മാര്‍ക്ക് സംവിധാനം തിരികെ കൊണ്ടുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതേസമയം എഴുത്തു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത് ഗ്രേഡ് ഉയര്‍ത്തുന്ന നിലവിലെ രീതിക്കെതിരെ ചില കോണുകളില്‍നിന്ന് എതിര്‍പ്പും ഉയര്‍ന്നിരുന്നു.
നാളെ ഉച്ചക്ക് ശേഷം 3 മണിയോടെ സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തുക. തുടർന്ന് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (http://keralaresults.nic.in) വിദ്യാർഥികൾക്ക് പരീക്ഷാഫലം അറിയാൻ സാധിക്കും. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെ സംസ്‌ഥാനത്ത് നടന്ന എസ്എസ്എൽസി പരീക്ഷയിൽ 4,26,999 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിലും 408 പേർ പ്രൈവറ്റ് വിഭാഗത്തിലും പരീക്ഷ എഴുതിയിരുന്നു.
Most Read: കൂടുതല്‍ ആശുപത്രികളില്‍ ബ്ളഡ് ബാങ്കുകള്‍ സ്‌ഥാപിക്കും; ആരോഗ്യമന്ത്രി







































