തിരുവനന്തപുരം: ഇടിഞ്ഞാർ മൈലാടുംകുന്നിൽ യുവാവ് മുത്തച്ഛനെ കുത്തിക്കൊലപ്പെടുത്തി. ക്ഷേത്ര പൂജാരിയായ മൈലാടുംകുന്നിൽ രാജേന്ദ്രൻ കാണിയാണ് (58) കൊല്ലപ്പെട്ടത്. പ്രതി സന്ദീപിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇന്ന് വൈകീട്ട് 5.30ഓടെയാണ് സംഭവം. രാജേന്ദ്രൻ കാണിയുടെ മകളുടെ മകനാണ് സന്ദീപ്.
ഇയാൾ നേരത്തെ വിവിധ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. രാജേന്ദ്രൻ കാണിയുടെ ഭാര്യ ഒരുവർഷത്തിന് മുൻപ് പാലോട് ടൗണിൽ വെച്ച് വാഹനാപകടത്തിൽ മരിച്ചിരുന്നു. അതിന്റെ നഷ്‌ടപരിഹാരം രാജേന്ദ്രൻ കാണിക്ക് നൽകാൻ കോടതി വിധിച്ചിരുന്നു.
ഈ പണത്തിനായി സന്ദീപ് മുത്തച്ഛനെ നിർബന്ധിക്കാറുണ്ടായിരുന്നു. ഇയാളുടെ വീട്ടിലായിരുന്നു രാജേന്ദ്രൻ നേരത്തെ താമസിച്ചിരുന്നത്. പണത്തിനായി ശല്യം തുടർന്നതോടെ രാജേന്ദ്രൻ കാണി വീട്ടിൽ നിന്നിറങ്ങി ഇടിഞ്ഞാറിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ഇവിടെ വന്നും സന്ദീപ് ശല്യം തുടർന്നു.
ഇന്ന് ക്ഷേത്രം തുറക്കാനെത്തിയപ്പോഴാണ് സന്ദീപ് മുത്തച്ഛനെ ആദ്യം കുത്തിയത്. ഇതോടെ രാജേന്ദ്രൻ അടുത്തുള്ള കടയിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ സന്ദീപ് മുത്തച്ഛനെ കടയ്‌ക്ക് പുറത്തെത്തിച്ചു കുത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച സന്ദീപിനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
Most Read| റഷ്യയുമായി യുദ്ധം തുടരാൻ അടുത്തവർഷം 12000 കോടി ഡോളർ വേണം; യുക്രൈൻ പ്രതിരോധ മന്ത്രി