ആലപ്പുഴ: മൂന്ന് യുവതികളുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പാലിപ്പുറം ചൊങ്ങുംതറ സിഎം സെബാസ്‌റ്റ്യന്റെ (65) വീട്ടിൽ റഡാർ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു. ഭൂമിക്കടിയിൽ എന്തെങ്കിലും കുഴിച്ചിട്ടിട്ടുണ്ടോ എന്നറിയാനാണ് ഗ്രൗണ്ട് പെനസ്‌ട്രേറ്റിക് റഡാർ ഉപയോഗിച്ചുള്ള പരിശോധന.
തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സ്‌റ്റഡീസ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലാണ് പരിശോധന. മൂന്ന് സ്‌ഥലങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. നേരത്തെ നടത്തിയ പരിശോധനയിൽ പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് മൃതദേഹ അവശിഷ്‌ടങ്ങൾ കണ്ടെടുത്തിരുന്നു. ഇവ ഫൊറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
കോട്ടയത്തെ വീട്ടിലാണ് സെബാസ്‌റ്റ്യനും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. അവിടെയും പരിശോധന നടത്തുന്നുണ്ട്. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്‌മനാഭൻ (52), വാരനാട് സ്വദേശി റിട്ട. ഗവ. ഉദ്യോഗസ്‌ഥ ഐഷ (57), കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ (54) എന്നിവരുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്‌റ്റ്യനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
എന്നാൽ, തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല. സെബാസ്‌റ്റ്യന്റെ സാമ്പത്തിക ഇടപാടുകൾ ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. രണ്ടുവർഷത്തിനിടെ ജില്ലയുടെ വടക്കൻ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് 40 രൂപ ലക്ഷം രൂപയും സെബാസ്‌റ്റ്യൻ പിൻവലിച്ചിരുന്നു.
ഈ പണത്തിന്റെ ഉറവിടം, പിൻവലിച്ചത് എന്തിന് വേണ്ടി തുടങ്ങിയ കാര്യങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. സ്‌ത്രീകളെ വശീകരിച്ച് സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്‌തിയാണ് സെബാസ്‌റ്റ്യൻ എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജെയ്‌നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് സെബാസ്‌റ്റ്യൻ പറയുന്നത്. മറ്റു രണ്ടുപേരുടെയും കാര്യം അറിയില്ലെന്നാണ് ഇയാൾ ഇപ്പോഴും പോലീസിനോട് പറയുന്നത്.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി