ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപി സർക്കാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 19 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ 25 അംഗ മന്ത്രിസഭ നിലവിൽ വന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന ഹർഷ് സാങ്‌വി പുതിയ ഉപമുഖ്യമന്ത്രിയായി സ്‌ഥാനമേറ്റു. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവബ ജഡേജയും പുതിയ മന്ത്രിസഭയിലുണ്ട്.
മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ 16 ബിജെപി മന്ത്രിമാരും കഴിഞ്ഞദിവസം രാജിവെച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്നവരിൽ ആറ് മന്ത്രിമാരെ മാത്രമാണ് നിലനിർത്തിയത്. ഇതിൽ നാല് മന്ത്രിമാർക്ക് മാത്രമാണ് പഴയ വകുപ്പുകൾ നൽകിയത്. പുതിയ മന്ത്രിസഭയിൽ എട്ട് അംഗങ്ങൾ ഒബിസി വിഭാഗക്കാരാണ്.
ആറുപേർ പാട്ടീദാർ വിഭാഗക്കാരും നാലുപേർ ഗോത്രവിഭാഗക്കാരും മൂന്നുപേർ എസ്‌സി വിഭാഗക്കാരും രണ്ടുപേർ ക്ഷത്രിയ വിഭാഗക്കാരുമാണ്. ബ്രാഹ്‌മണ, ജൈന വിഭാഗത്തിൽ നിന്ന് ഓരോരുത്തരും മന്ത്രിസഭയിലുണ്ട്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് പുതിയ മന്ത്രിസഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
Most Read| ‘താലിബാന് പിന്നിൽ ഇന്ത്യ, വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയം’