മലപ്പുറം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഏക മൈതാനമായ ഹാജിയാര്‍പള്ളി ഗ്രൗണ്ടില്‍ ആധുനിക ഇന്‍ഡോര്‍ സ്റ്റേഡിയവും മിനി സ്റ്റേഡിയവും നിര്‍മിക്കുന്ന പ്രവൃത്തിക്ക് സാങ്കേതികാനുമതിയായി. പ്രവൃത്തിക്ക് പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയര്‍ കഴിഞ്ഞ ദിവസം സാങ്കേതികാനുമതി നല്കി.
കേന്ദ്ര സര്‍ക്കാറിന്റെ സദ്ഭവന്‍ മണ്ഡപ് പദ്ധതി പ്രകാരം 1.40 കോടി രൂപ ചിലവഴിച്ചാണ് നിര്‍മാണം. ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാൻ ഉദ്ദേശിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, മിനി സ്റ്റേഡിയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.
ഹാജിയാര് പള്ളിയില്‍ കടലുണ്ടിപ്പുഴയോട് ചേര്‍ന്നാണ് മൈതാനം. മാസങ്ങള്‍ക്ക് മുൻപ് ഇവിടെ മണ്ണിട്ട് സൗകര്യമൊരുക്കിയിരുന്നു. പുഴയോരത്ത് ഭാവിയില്‍ ജൈവവൈവിധ്യ പാര്‍ക്കൊരുക്കാനും ആലോചിക്കുന്നുണ്ട്. തൊട്ടടുത്ത് നഗരസഭയുടെ സ്ഥലത്തുതന്നെ സ്ഥിതി ചെയ്യുന്ന കെട്ടിടം സ്റ്റേഡിയം വിപുലീകരണാര്‍ഥം പൊളിക്കും. പുഴയോരത്തെ നഗരസഭ ഭൂമിയും ഇതിലേക്ക് ചേർക്കും. നിലവിലെ ഗ്രൗണ്ടിന് ഗാലറി നിര്‍മിച്ച് മിനി സ്റ്റേഡിയമാക്കി നവീകരിക്കും.
കോട്ടപ്പടി മൈതാനം സ്പോര്‍ട്സ് കൗണ്‍സില്‍ ഏറ്റെടുത്ത് ഫുട്ബാള്‍ സ്റ്റേഡിയമാക്കിയതോടെ മലപ്പുറത്തെയും സമീപ പ്രദേശങ്ങളിലെയും താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. മുൻപ് കോട്ടപ്പടിയില്‍ സ്കൂള്‍ സ്പോര്‍ട്സ്, ഗെയിംസ് മൽസരങ്ങൾ നടന്നിരുന്നെങ്കിലും ഫുട്ബാള്‍ സ്റ്റേഡിയമായതോടെ അതും നിലച്ചു. ഈ പശ്ചാത്തലത്തിൽ ഹാജിയാര്‍പള്ളിയില്‍ ഇന്‍ഡോര്‍, മിനി സ്റ്റേഡിയങ്ങള്‍ വരുന്നത് ജില്ലാ ആസ്ഥാനത്തെ കായിക കുതിപ്പിന് കരുത്തേകുമെന്നാണ് വിലയിരുത്തുന്നത്.
Malabar News: വ്യാജ സർട്ടിഫിക്ക് നിർമാണം; സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽ








































