ടെൽ അവീവ്: ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് സ്‌ഥിരീകരിച്ചു. ഹമാസ് ഡെപ്യൂട്ടി തലവൻ ഖാലിദ് ഹയ്യയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. സിൻവറിന്റെ മരണം ഹമാസിന് കടുത്ത തിരിച്ചടിയായി. അതേസമയം, ഇസ്രയേൽ ബന്ദികളുടെ കാര്യത്തിലും ഹമാസ് നിലപാട് പ്രഖ്യാപിച്ചു.
ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചു. പലസ്‌തീൻ മേഖലയിൽ നിന്ന് പൂർണമായി പിൻവാങ്ങുകയും ജയിലിലുള്ള പലസ്‌തീനികളെ മോചിപ്പിക്കുകയും ചെയ്‌താൽ മാത്രമേ ഇസ്രയേൽ ബന്ദികളെ മോചിപ്പിക്കുകയുള്ളൂവെന്നും ഹമാസ് വ്യക്‌തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് ഖാലിദ് ഹയ്യ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം ഗാസയിൽ നടന്ന ആക്രമണത്തിലാണ് യഹ്യ സിൻവർ കൊല്ലപ്പെട്ടത്. 2023 ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന ആക്രമണത്തിന്റെ സൂത്രധാരൻ സിൻവറാണെന്നാണ് ഇസ്രയേൽ പറയുന്നത്. സിൻവറിന്റെ മരണം, അവസാനത്തേതിന്റെ തുടക്കമാണെന്നും ഹമാസിനെ പൂർണമായി ഇല്ലായ്‌മ ചെയ്യുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.
ഹമാസ് ഉന്നത നേതാവ് യഹ്യ സിൻവർ വധിക്കപ്പെട്ടത് മറ്റു ആക്രമണങ്ങൾക്കിടെ യാദൃശ്‌ചികമായി സംഭവിച്ചതാണെന്നാണ് റിപ്പോർട്. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ സൂക്ഷ്‌മമായ ആസൂത്രണത്തിലൂടെയാണ് കഴിഞ്ഞ കാലങ്ങളിൽ ഹമാസ് ഉന്നതരെ ഇസ്രയേൽ ഇല്ലാതാക്കിയിരുന്നത്. എന്നാൽ, ഇസ്രയേലിന്റെ ചാരക്കണ്ണുകൾ വെട്ടിച്ചാണ് കഴിഞ്ഞ ഒരുവർഷം സിൻവർ യുദ്ധഭൂമിയിൽ കഴിഞ്ഞത്.
സിൻവറിന്റെ വധത്തോടെ ബന്ദികളുടെ മോചനം ഉടനുണ്ടാകുമെന്നാണ് ഇസ്രയേലിന്റെ പ്രതീക്ഷ. നേതൃനിര ശൂന്യമായതോടെ ഹമാസിന്റെ അടുത്ത നീക്കം എന്താകുമെന്നും ഏവരും ഉറ്റുനോക്കുന്നു. കഴിഞ്ഞ ഓഗസ്‌റ്റിൽ ഇസ്‌മയിൽ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യഹ്യ സിൻവർ ഹമാസ് തലവനായത്.
Most Read| പാലക്കാട് പി സരിൻ, ചേലക്കരയിൽ യുആർ പ്രദീപ്