തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലും സ്‌ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വന്ന പി സരിൻ പാലക്കാട് ഇടത് സ്‌ഥാനാർഥിയാവുമെന്നും പാർട്ടി ചിഹ്‌നത്തിന് പകരം സ്വതന്ത്ര ചിഹ്‌നത്തിൽ മൽസരിപ്പിക്കാനാണ് തീരുമാനമെന്നും ഗോവിന്ദൻ പറഞ്ഞു.
ചേലക്കര ഉപതിരഞ്ഞെടുപ്പിൽ യുആർ പ്രദീപിനെ സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ മുൻ എംഎൽഎയായ പ്രദീപിന്റെ പ്രചാരണം സ്‌ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ചേലക്കരയിൽ തുടങ്ങി. പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കുന്ന വയനാട്ടിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി സത്യൻ മൊകേരിയെ സിപിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
യുഡിഎഫ് സ്‌ഥാനാർഥികളായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൻഡിഎ സ്‌ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ഉപതിരഞ്ഞെടുപ്പ് ചിത്രം വ്യക്‌തമാകും. രാവിലെ മന്ത്രി എംബി രാജേഷിനെ സരിൻ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.
തുടർന്നാണ് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. എകെ ബാലൻ, എൻഎൻ കൃഷ്‌ണദാസ് അടക്കമുള്ള നേതാക്കൾ സരിനെ സ്വീകരിക്കാനെത്തി. സരിൻ എത്തിയതിന് പിന്നാലെ സിപിഎം പ്രവർത്തകർ അദ്ദേഹത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചു. അതേസമയം, നാളെ വൈകിട്ട് നാലുമണിക്ക് പാലക്കാട് വിക്‌ടോറിയ കോളേജ് പരിസരത്ത് നിന്നും കോട്ടമൈതാനം വരെ റോഡ് ഷോ നടത്താൻ സിപിഎം തീരുമാനിച്ചു.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!