കണ്ണൂർ: തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് നാം സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങൾ ഉണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ല. എന്നാൽ, സ്വയം പരിശോധിച്ച് തിരുത്തേണ്ട ഭാഗങ്ങൾ ഉണ്ട്. നേരത്തെ തുടങ്ങിവെച്ച തെറ്റുതിരുത്തൽ പ്രക്രിയ തുടരേണ്ടത് അനിവാര്യമാണെന്നും ജയരാജൻ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു ജയരാജന്റെ പ്രതികരണം.
കേരളം വലതുപക്ഷവത്കരണത്തിലേക്ക് നീങ്ങുന്നതിനെതിരെ ജാഗ്രത പാലിക്കണം. ആർഎസ്എസ് ഉയർത്തുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കണം. ഭരണരംഗത്തോ പാർലമെന്ററി പ്രവർത്തനങ്ങളിലോ കടന്നുകൂടാൻ സാധ്യതയുള്ള അപചയങ്ങൾ തിരുത്താൻ സംഘടനയ്ക്കകത്തുതന്നെ നിരന്തരമായ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പത്തുവർഷത്തെ ഇടതുപക്ഷ ഭരണം നടത്തിയ ക്ഷേമ-വികസന നേട്ടങ്ങളെക്കാൾ വലതുപക്ഷം കൊണ്ടുപിടിച്ച പ്രചരണങ്ങളാണ് കേരളത്തെ യുഡിഎഫ് പക്ഷത്തേക്ക് അടുപ്പിച്ചത്. അതിനാൽ, കേരളത്തിന്റെ വലതുപക്ഷ വത്കരണത്തിനെതിരായ തീഷ്ണമായ സമരങ്ങൾ ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ടെന്നും ജനകീയ സമരങ്ങളിലൂടെയും പ്രത്യയശാസ്ത്ര പോരാട്ടങ്ങളിലൂടേയും പാർട്ടി കരുത്താർജിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇടതുപക്ഷത്തിന്റെ തോൽവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ മാദ്ധ്യമങ്ങളോട് പ്രതികരണം നടത്തിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുള്ള കത്ത് അദ്ദേഹം ഇന്നലെ പ്രത്യേക ദൂതൻ വഴി രാജ്ഭവനിൽ എത്തിച്ചിരുന്നു. അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ നടക്കുന്നുണ്ട്. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാവുകയെന്നാണ് വിവരം.
Most Read| പുതു ഹൃദയത്തിൻ സ്പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്


































