ഗാസ സിറ്റി: ബന്ദികളുടെ മൃതദേഹ കൈമാറ്റം ഉടൻ ഉണ്ടാവില്ലെന്ന് ഹമാസ്. അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാനുള്ള ഉപകരണങ്ങളില്ലാത്തതിനാൽ ശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുഷ്‌കരമാണെന്നും അതിനാൽ ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകാൻ കഴിയില്ലെന്നുമാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധിക്കാത്തത് ഇസ്രയേലിന്റെ ആക്രമണം കാരണമാണെന്നും ഹമാസ് കുറ്റപ്പെടുത്തി. പിന്നാലെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രംഗത്തെത്തുകയും ചെയ്‌തു.
ഇസ്രയേൽ നശിപ്പിച്ച തുരങ്കങ്ങളിലും കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾക്കിടയിലുമാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരിക്കുന്നത്. അതിനാൽ, ഗാസയിൽ നിന്ന് ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകുന്നതിന് സമയമെടുത്തേക്കും. മൃതദേഹങ്ങൾ വീണ്ടെടുക്കുന്നതിന് അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാനുള്ള ഉപകരണങ്ങൾ ആവശ്യമാണ്.
എന്നാൽ, അത്തരം ഉപകരണങ്ങൾ പ്രവേശിപ്പിക്കുന്നതിന് ഇസ്രയേൽ വിലക്ക് ഏർപ്പെടുത്തിയാൽ അത് നിലവിൽ ലഭ്യമല്ലെന്നും ഹമാസ് പ്രസ്‌താവനയിൽ അറിയിച്ചു. ഗാസ കരാറിനോട് തങ്ങൾ പ്രതിജ്‌ഞാബദ്ധരാണെന്നും, ഗാസ മുനമ്പിൽ ശേഷിക്കുന്ന എല്ലാ ബന്ധികളുടെയും മൃതദേഹങ്ങൾ കൈമാറാൻ തങ്ങൾ തയ്യാറാണെന്നും ഹമാസ് പറയുന്നു.
എന്നാൽ, ബന്ദികളെ പൂർണമായും ഇസ്രയേലിലേക്ക് എത്തിക്കുമെന്ന് ദൃഢനിശ്‌ചയം ചെയ്‌തതാണെന്ന് പറഞ്ഞ നെതന്യാഹു, പോരാട്ടം അവസാനിപ്പിച്ചിട്ടില്ലെന്നും പിന്നാലെ പറയുകയുണ്ടായി. 19 ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങളാണ് ഹമാസ് ഇനി കൈമാറാനുള്ളത്. ഇതിനിടെ, യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഹമാസിന് മുന്നറിയിപ്പുമായി എത്തിയിരുന്നു.
ഗാസയിൽ ആഭ്യന്തര രക്‌തചൊരിച്ചിൽ തുടരുകയാണെങ്കിൽ അവരെ അകത്തുകയറി കൊല്ലുകയല്ലാതെ ഞങ്ങൾക്ക് മറ്റു മാർഗമില്ല എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഹമാസിനെതിരെ ഭീഷണി മുഴക്കിയ ശേഷം, താൻ യുഎസ് സൈന്യത്തെ ഗാസയിലേക്ക് അയക്കില്ലെന്ന് ട്രംപ് പിന്നീട് വ്യക്‌തമാക്കുകയും ചെയ്‌തു.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!