കൽപ്പറ്റ: 19ന് (ചൊവ്വാഴ്ച) വയനാട്ടിൽ യുഡിഎഫും എൽഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തു. വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് കേന്ദ്ര സഹായം നിഷേധിക്കുന്നതിനെതിരെയാണ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ കടകളും സ്ഥാപനങ്ങളും ഉൾപ്പടെ അടച്ചിടാനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
പ്രതിപക്ഷവും ഭരണപക്ഷവും വെവ്വേറെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെയാണ് യുഡിഎഫ് പ്രതിഷേധം. ഫണ്ട് അനുവദിക്കാത്ത കേന്ദ്ര നിലപാടിനെതിരെയാണ് എൽഡിഎഫിന്റെ ഹർത്താൽ.
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചത്. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡെൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിന് മറുപടിയായിട്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെവി തോമസ് കത്തയച്ചത്. എന്നാൽ, ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് വ്യക്തമാക്കുന്നതാണ് കത്ത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് ആഭ്യന്തര സഹമന്ത്രി മറുപടി നൽകിയതെന്നാണ് വിവരം.
എസ്ഡിആർഎഫിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറൽ അറിയിച്ചെന്നും നിത്യാനന്ദ റായ് പറഞ്ഞു. സംസ്ഥാനത്ത് എസ്ഡിആർഎഫ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 291 കോടി കേന്ദ്ര സർക്കാരിന്റെ ഫണ്ടിൽ നിന്നുള്ളതാണ്. ഇതിൽ ആദ്യ ഗഡുവായ 145 കോടി രൂപ ഓഗസ്റ്റ് 31ന് സംസ്ഥാനത്തിന് നൽകിയിരുന്നു.
2024 ഏപ്രിൽ ഒന്നിലെ കണക്കുപ്രകാരം സംസ്ഥാനത്തിന്റെ എസ്ഡിആർഎഫ് ഫണ്ടിൽ 394 കോടി രൂപ ബാലൻസ് ഉണ്ട്. ദുരന്തം നേരിടാനാവശ്യമായ തുക സംസ്ഥാനത്തിന്റെ പക്കൽ ഇപ്പോൾ തന്നെയുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും കേന്ദ്രമന്ത്രിയുടെ മറുപടി കത്തിലുണ്ട്. അതിനിടെ, സാമ്പത്തിക സഹായം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’