കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെയും ദേവസ്വം ബോർഡിനെതിരെയും രൂക്ഷവിമർശനവുമായി ഹൈക്കോടതി. എല്ലാം ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ ഏൽപ്പിച്ചത് എന്തിനെന്നും ദേവസ്വം ബോർഡിന് എന്താണ് പണിയെന്നും ഹൈക്കോടതി ചോദിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യ ഹരജികളിൽ വാദം തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമർശനം. കേസിൽ പ്രതിചേർക്കപ്പെട്ട കെപി ശങ്കരദാസിനെ അറസ്‌റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്. ഒരാൾ പ്രതിചേർത്ത അന്നുമുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും, അയാളുടെ മകൻ എസ്‌പിയാണ് അതാണ് ആശുപത്രിയിൽ പോയതെന്നും ജസ്‌റ്റിസ് ബദറുദ്ദീൻ തുറന്നടിച്ചു.
ഈ സംസ്‌ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നതെന്ന് ചോദിച്ച ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്‌ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും എസ്ഐടിയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും വ്യക്‌തമാക്കി. ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിന് ഉത്തരവാദിത്തത്തിൽ നിന്ന് ഒരുകാരണവശാലും ഒഴിയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എല്ലാം പോറ്റിയെ ഏൽപ്പിക്കാനാണെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം ബോർഡെന്നും കോടതി ചോദിച്ചു. ഗോവർധൻ, എ. പത്‌മകുമാർ, മുരാരി ബാബു എന്നിവരുടെ ജാമ്യഹരജിയാണ് കോടതി പരിഗണിച്ചത്. പ്രതികളുടെ ജാമ്യഹരജി വിധി പറയാനായി മാറ്റി.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































