പൊന്നാനി: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്ന ബിയ്യം സ്വദേശിയായ സ്ത്രീ മരണപ്പെട്ടു. 47 വയസായിരുന്നു. ലഭ്യമായ കണക്കനുസരിച്ച് ജില്ലയിൽ 12 ഓളം പേര് എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണവുമായി ചികിൽസ തേടിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് പൊന്നാനി സ്വദേശിനിയായ യുവതി കുന്നംകുളത്തെ ആശുപത്രിയിൽ മരിച്ചത്. പിന്നാലെ ഒരു കുടുംബത്തിലെ 2 പേർക്കടക്കം 3 പേർക്ക് നഗരസഭാപരിധിയിൽ മലേറിയ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പൊന്നാനി നഗരസഭ അഞ്ചാം വാർഡായ കുറ്റിക്കാടിലാണു മലേറിയ സ്ഥിരീകരിച്ചിരിക്കുന്നത്.
പനിയും വിറയലുമായി പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിയ രോഗിക്കാണ് ആദ്യം മലേറിയ സ്ഥിരീകരിച്ചത്. ഇയാളുടെ വീട്ടിൽ തന്നെയുള്ള മറ്റൊരാൾക്കും തുടർന്ന് രോഗം സ്ഥിരീകരിച്ചു. തുടർന്ന് പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ളോക്കുകളിലെ ആരോഗ്യ പ്രവർത്തകർ, വെക്ടർ കൺട്രോൾ യൂണിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സർവേ നടത്തി. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധന തുടരുകയാണ്.
മലപ്പുറം ജില്ലയിൽ മലേറിയ സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. കേരളത്തിലെത്തിയ ഇതര സംസ്ഥാനക്കാരിലാണ് നേരത്തെ മലേറിയ സ്ഥിരീകരിച്ചിരുന്നത്. ഇതിനു പുറമേ നാട്ടുകാരിൽ തന്നെ മലേറിയ കണ്ടെത്തിയതോടെ ജില്ലയിലാകെ പ്രത്യേക ജാഗ്രത വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം. കൊതുകു പരത്തുന്ന രോഗമായതിനാൽ ഇവ പടരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതോടെയാണ് പൊന്നാനി നഗരസഭ അടിയന്തരമായി പ്രത്യേക യോഗം വിളിച്ചിരിക്കുന്നത്.
ഒരു മാസത്തിനുള്ളിൽ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയിൽ രക്ത പരിശോധന നടത്തണം. ആരോഗ്യവകുപ്പ് നടത്തുന്ന ഗൃഹ സന്ദർശന രക്ത പരിശോധനയിൽ പങ്കാളിയാവണമെന്നും ഡിഎംഒ അറിയിച്ചു. ഉറവിട നശീകരണം, ഫോഗിങ്, സ്പ്രേയിങ് എന്നിവ തുടരും. 100 ആരോഗ്യ പ്രവർത്തകരെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചു. മൂന്നാഴ്ച ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കായി രൂപരേഖ തയാറാക്കിയിട്ടുണ്ട്.
MOST READ | 1995ൽ വാങ്ങിയ ബർഗർ ഇപ്പോഴും കേടാകാതെയിരിക്കുന്നു!