കൊച്ചി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഹൃദയ സംഗമവും വൊക്കേഷണൽ എക്‌സലൻസ് പുരസ്‌കാര സമർപ്പണവും ഈ മാസം 28ന് കൊച്ചി ലിസി ഹോസ്‌പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 11ന് നടക്കുന്ന ഉൽഘാടന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് സ്വതന്ത്ര ഡയറക്‌ടർ വിജെ കുര്യൻ മുഖ്യാതിഥിയാകും. ഇതിന്റെ ഭാഗമായി ബോധവൽക്കരണ ക്ളാസുകളും വിദഗ്‌ധരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ഹൃദയ ശസ്‌ത്രക്രിയയ്‌ക്ക് വിധേയരായ വ്യക്‌തികളുടെയും കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയസംഗമം ലിസി ഹോസ്‌പിറ്റൽ, റോട്ടറി ക്ളബ് ഓഫ് കൊച്ചിൻ ഗ്ളോബൽ എന്നിവരുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ ഈവർഷത്തെ വൊക്കേഷണൽ എക്‌സലൻസ് പുരസ്‌കാരം പ്രമുഖ ഇന്റർവെൻഷണൽ കാർഡിയോളജിസ്‌റ്റായ ഡോ. മുല്ലശ്ശേരി അജിത് ശങ്കർദാസിന് സമ്മാനിക്കും. 50,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ചെന്നൈ മദ്രാസ് മെഡിക്കൽ മിഷനിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ- വാസ്‌കുലർ ഡിസീസസ് വിഭാഗത്തിന്റെ ചെയർമാനും മേധാവിയുമാണ് അദ്ദേഹം. ഹൃദ്രോഗ ചികിൽസാ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ലിസി ഹോസ്‌പിറ്റൽ ഡയറക്‌ടർ ഫാ. ഡോ. പോൾ കരേടൻ, ഹാർട്ട് കെയർ ഫൗണ്ടേഷൻ ട്രസ്‌റ്റി ഡോ. ജേക്കബ് എബ്രഹാം, ഹാർട്ട് കെയർ ഫൗണ്ടേഷൻ സെക്രട്ടറി രാജു കണ്ണമ്പുഴ, കൊച്ചി റോട്ടറി ക്ളബ് പ്രസിഡണ്ട് സെബാസ്‌റ്റ്യൻ ജോസഫ്, മെഡിക്കൽ പാനൽ ചെയർമാൻ ഡോ. റോണി മാത്യു കടവിൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം